കോട്ടയം: പ്രായപൂർത്തിയാവും മുമ്പേ തന്നെ ഭർത്താവ് ശാരീരിക പീഡനത്തിന് ഇരയാക്കിയതായി യുവതി. പരാതിയെ തുടർന്ന് ഭർത്താവ് അറസ്റ്റിൽ. കടുത്തുരുത്തി അറുന്നൂറ്റിമംഗലത്താണ് സംഭവം. വിവാഹത്തിനുമുമ്പ് കാട്ടിയ സ്നേഹം പിന്നീട് കുറഞ്ഞതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. കൂടാതെ വിവാഹമോചനത്തിനായി ഭർത്താവ് തന്നെ നിർബന്ധിക്കുന്നതായും പരാതിയിൽ പറയുന്നു.
യുവതിക്ക് 17 വയസ് തികയുംമുമ്പേയാണ് ഭർത്താവ് പീഡിപ്പിച്ചത്. വ്യത്യസ്ത സമുദായാംഗങ്ങളായ ഇവർ പ്രേമത്തിലായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിന് വിധേയമാക്കിയത്. ഭർത്താവ് വാക്കുപാലിക്കുകയും വിവാഹം നടത്തുകയും ചെയ്തു. പിന്നീട് ജോലിക്കായി ഇയാൾ വിദേശത്തേക്ക് പോയി. അപ്പോൾ മുതലാണ് തന്നോട് സ്നേഹക്കുറവ് കാട്ടിയതെന്നാണ് യുവതി പറയുന്നത്. ഇടയ്ക്കിടയ്ക് ഭർത്താവ് നാട്ടിൽ വരുമായിരുന്നുവെങ്കിലും ശാരീരികമായി ബന്ധപ്പെടാൻ പോലും ഭർത്താവ് കൂട്ടാക്കിയില്ല.
ഇതേ ചൊല്ലി യുവതി ഭർത്താവുമായി പിണങ്ങി. ഇതോടെ വിവാഹമോചനം നടത്തിയേക്കാമെന്ന് ഭർത്താവ് പറഞ്ഞു. ഇതിന് യുവതി തയാറായില്ല. തുടർന്ന് ഭീഷണിപ്പെടുത്തലായി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കാൻ ഭർത്താവ് അഡ്വക്കേറ്റിനെ കാണാൻ പോയപ്പോഴാണ് യുവതി പരാതിയുമായി കടുത്തുരുത്തി സ്റ്റേഷനിലെത്തിയത്.