dengue-hartal

കോട്ടയം: കൊവിഡ് വൈറസ് വ്യാപകമാവുന്നതോടൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഡെങ്കി പടരുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പ് രംഗത്ത് എത്തിക്കഴിഞ്ഞു. ഡെങ്കി പടർത്തുന്ന കൊതികിന്റെ കേന്ദ്രങ്ങൾ കണ്ടെത്തി ഒരേസമയം അതിനെ നശിപ്പിക്കാനാണ് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

ഉഴവൂർ പഞ്ചായത്തിൽ മാത്രം 300 ഡെങ്കി ബാധിതരുണ്ടെന്നാണ് കണക്ക്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലും സമീപ പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലുമായി 300 ലേറെപ്പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. മുണ്ടക്കയം, പാമ്പാടി, കുമരകം ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നതായാണ് റിപ്പോർട്ട്. കൂടാതെ ഇടുക്കി ജില്ലയിലെ അടിമാലിയിലും പത്തനംതിട്ടയിലെ റാന്നിയിലും സീതത്തോട്ടിലും ഡെങ്കി ബാധിച്ച് കൂടുതൽ രോഗികൾ ആശുപത്രികളിൽ ചികിത്സയിലാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിച്ചവർ ഉഴവൂർ മേഖലയിലായതിനാൽ 12ന് ഡെങ്കി ഹർത്താൽ ആചരിക്കുന്നതിന് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശീകരണം നടത്തുകയും പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയുമാണ് ഹർത്താലിന്റെ ലക്ഷ്യം. അന്നേദിവസം ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ എന്നിവർ ഹർത്താലിൽ അണിനിരക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഒരേ ദിവസം കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് ലക്ഷ്യം.