ചങ്ങനാശേരി : പരാജയങ്ങളിൽ തളരാതെ വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ് അമൻ. വീൽച്ചെയറിൽ മാത്രമായി ജീവിതം ഒതുങ്ങിയപ്പോഴും അമൻ പൊരുതുകയായിരുന്നു. ഒടുവിൽ പത്താംക്ലാസ് പരീക്ഷാഫലം വന്നപ്പോൾ അതിന് ഇരട്ടിമധുരം. എട്ട് എപ്ലസും രണ്ട് എഗ്രേഡും. എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചെങ്കിലും അതിലേറെ തിളക്കമുണ്ട് ഈ വിജയത്തിന്. തൃക്കൊടിത്താനം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അമൻ സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന രോഗമാണ്. അരയ്ക്കു താഴോട്ട് പൂർണമായും കൈകൾക്ക് ഭാഗികമായും ചലനശേഷി നഷ്ടപ്പെട്ടു. ശാരീരിക അവശതകളെതുടർന്ന് തൃക്കൊടിത്താനം വി.ബി യു.പി സ്‌കൂളിൽ മൂന്നാം ക്ലാസിലാണ് അമൻ പഠനം ആരംഭിച്ചത്. ഏഴാം ക്ലാസ് വരെ ഇവിടെ പഠനം തുടർന്നു. എട്ടാം ക്ലാസ് മുതൽ തൃക്കൊടിത്താനം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ. ക്വിസ് മത്സരങ്ങളിൽ ജില്ല, സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. തൃക്കൊടിത്താനം ആരമലയിൽ പാമീസ് വീട്ടിൽ ടി.എ.അൻസാരി, പി.എം.ഷാഹിദ ദമ്പതികളുടെ മകനാണ് അമൻ. സഹോദരൻ: പ്ലസ് വൺ വിദ്യാർത്ഥി അരീജ്. ഹയർഎഡ്യൂക്കേഷനിൽ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്ത് തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ പഠനം തുടരാനാണ് അമന്റെ തീരുമാനം.
പഠനവഴിയിൽ തളരാതെ
എല്ലാ ദിവസവും രാവിലെയും വൈകിട്ടും മാതാപിതാക്കൾ സ്‌കൂട്ടറിലാണ് അമനെ സ്‌കൂളിലെത്തിച്ചിരുന്നത്. പിതാവ് സ്‌കൂട്ടറിനു പിന്നിൽ ഇരുത്തിയശേഷം, മാതാവ് മകന്റെ സുരക്ഷയ്ക്കായി പിന്നിൽ ഇരിക്കും. ഉച്ചയ്ക്ക് ഭക്ഷണം നൽകുന്നതിനും പ്രാഥമിക ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്നതിനും മാതാപിതാക്കൾ വീണ്ടും എത്തും. പഠനസമയത്ത് തലയുടെയും കൈകളുടെയും ബാലൻസ് നഷ്ടമാകുമ്പോൾ താങ്ങാൻ സുഹൃത്തുക്കളും അദ്ധ്യാപകരുമുണ്ട്. അമന് ഇരിക്കുന്നതിനായി പ്രത്യേക കസേരയും ഒരുക്കിയിരുന്നു. കൈകൾക്ക് ബലക്കുറവ് ഉണ്ടെങ്കിലും സഹായി ഇല്ലാതെയാണ് എല്ലാ പരീക്ഷകളും എഴുതിയത്. നോട്ടുകളും അമൻ സ്വയം എഴുതി എടുക്കും.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. ലിറ്റിൽ കൈറ്റ്‌സ് പരിശീലനം ലഭിച്ചവർക്കുള്ള ഗ്രേസ് മാർക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിച്ചില്ല. സർക്കാർ ഉദ്യോഗസ്ഥനാകാനാണ് ആഗ്രഹം.
അമൻ