കോട്ടയം : കൊവിഡിലെ ഓണക്കാലം പച്ചക്കറിയിൽ സ്വയംപര്യാപ്തമാകാനുള്ള വലിയശ്രമത്തിലാണ് കൃഷിവകുപ്പ്. ചരിത്രത്തിൽ ആദ്യമായി ഏറ്റവും അധികം സ്ഥലങ്ങളിലേയ്ക്ക് കൃഷിവ്യാപിപ്പിച്ച് കൊണ്ടാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലീകരിക്കുന്നത്. മറുനാടൻ പച്ചക്കറികളെ പരമാവധി അകറ്റിനിറുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പായ്ക്കറ്റ് പച്ചക്കറി വിത്തുകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ലോക്ക് ഡൗൺ തുടക്കത്തിൽ പച്ചക്കറി വിത്തുകളും പിന്നീട് കൃഷിഓഫീസുകൾ മുഖേന പച്ചക്കറിത്തൈകളും വിതരണം ചെയ്തിരുന്നു. ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിച്ചതും ഗുണകരമായെന്നാണ് കൃഷിവകുപ്പ് നിഗമനം.

സുഭിക്ഷം പദ്ധതിയിലെ കൃഷി 6500 ഹെക്ടർ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 6500 ഹെക്ടറിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. കാർഷിക കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അയൽക്കൂട്ടങ്ങളുമെല്ലാം ഇത്തരത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. വാഴ, കപ്പ തുടങ്ങിയ കൃഷികൾക്കാണ് പലയിടങ്ങളിലും പദ്ധതിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 9 ലക്ഷം ഫലവൃക്ഷത്തെകളും വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതെന്നതിനാൽ മികച്ച വിളവും ലഭിക്കുന്നതായി വീട്ടമ്മമ്മാർ പറയുന്നു.

 പച്ചക്കറി കൃഷി 200 ഹെക്ടറിൽ

'' ലോക്ക് ഡൗൺകാലം കാർഷിക മേഖലയ്ക്ക് വൻമുന്നേറ്റമുണ്ടായിട്ടുണ്ട്. എല്ലാവരും പരമാവധി കൃഷിയിൽ മുഴുകിയിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയാണുള്ളത്

ബീന ജോസ്, കൃഷിവകുപ്പ്.