മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് 65 വർഷം പൂർത്തീകരിച്ചതിന്റെ സഫയർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് 3ന് ബാങ്ക് ആഡിറ്റോറിയത്തിൽ സഹകാരികളുടെ യോഗത്തോടെ തുടക്കമാകും. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മീനച്ചിൽ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഇ.ജെ. ആഗസ്തി നിർവഹിക്കും. വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, ബൽജി ഇമ്മാനുവൽ, എസ്.പി. നമ്പൂതിരി, സെക്രട്ടറി വിൻസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറിമാർ, മുൻ വൈസ് പ്രസിഡന്റുമാർ, ആരംഭകാല അംഗങ്ങൾ എന്നിവരെ ആദരിക്കും. 1955 ജൂൺ 12ന് 2 ജീവനക്കാരുമായി വാടക കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 65 വർഷം പിന്നിടുമ്പോൾ 17155 അംഗങ്ങൾ, 1.49 കോടി രൂപാ ഓഹരി മൂലധനം, 190 കോടി രൂപാ നിക്ഷേപം, 114 കോടി രൂപാ വായ്പ, 200 കോടി രൂപാ പ്രവർത്തനമൂലധനമുള്ള ബാങ്ക് ക്ലാസ് 1 സൂപ്പർഗ്രേഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.