കോട്ടയം : ' എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും ...നീലക്കുയിൽ എന്ന സിനിമയിൽ കോഴിക്കോട് അബ്ദുൾ ഖാദർ അനശ്വരമാക്കിയ ഗാനം പി.ജെ.ജോസഫ് ഭാവമൊട്ടും ചോരാതെ പാടിയപ്പോൾ കേരളകോൺഗ്രസിലെ തമ്മിലടി റിപ്പോർട്ട് ചെയ്ത് ചെകിടിച്ച കോട്ടയത്തെ മാദ്ധ്യമപ്രവർത്തകർക്ക് അത് കുളിർമഴ നനഞ്ഞ അനുഭവമായായി. ജൂലായിലെ ഒരു തോരാ മഴയിൽ വെള്ളിയാനിമലയിലെ ഉരുൾപൊട്ടലിന്റെ ചിത്രം പകർത്തുന്നതിനിടയിൽ ദുരന്തത്തിനിരയായ വിക്ടർ ജോർജിന്റെ പത്തൊമ്പതാം ചരമവാർഷികം കോട്ടയം പ്രസ്ക്ലബിൽ ഉദ്ഘടനം ചെയ്യാനെത്തിയതായിരുന്നു പി.ജ.ജോസഫ്.
ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതും സ്വർണക്കടത്തു വിവാദവുമെല്ലാം മാറ്റിവച്ച് ജോസഫിലെ ഗായകനെ പുറത്തു കൊണ്ടുവരാനുള്ള ശ്രമമായിരുന്നു നടന്നത്. വേദി വിട്ടിറങ്ങി മാദ്ധ്യമപ്രർത്തകർക്കിടയിൽ ഇരുന്ന് അരഡസനിലേറെ ഹിന്ദി, മലയളം ഹിറ്റ് ഗാനങ്ങൾ പാടിയ ജോസഫിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചും പാട്ടിന്റെ വഴികൾ തേടിയുമുള്ള സ്നേഹക്കൂട്ടായ്മ ഒരു മണിക്കൂറിലേറെ നീണ്ടപ്പോൾ കൂടതൽ ഊർജ്വസ്വലനായി ജോസഫും പറഞ്ഞു. നല്ല ഓഡിയൻസ്, മനസ് തുറക്കാനായി.
'ഞാൻ സംഗീതം പഠിച്ചിട്ടില്ല. പാട്ട് കേട്ട് പഠിച്ചതാണ്. പുറപ്പുഴയിൽ നിന്ന് തിരുവനന്തപുരം വരെ നാലു മണിക്കൂർ നീളുന്ന യാത്രകളിൽ ഇന്ന് പാട്ടാണ് ലഹരി. മകൾ യമുന ഒപ്പമുണ്ടെങ്കിൽ എന്റെ ഇഷ്ടഗാനങ്ങൾ ഓരോന്നായി പെൻഡ്രൈവിൽ അവൾ കേൾപ്പിക്കും. ഇന്നും ഇഷ്ടഗാനം തലത്ത് മുഹമ്മദ് അനശ്വരമാക്കിയ 'ചൽ തേരേ ജിസ് കേലിയേ തേരിയാം ..എന്ന ഹിന്ദി ഗാനമാണ്. ഭാര്യ ശാന്തയുടെയും ഇഷ്ടഗാനം ഇതെന്ന് പറഞ്ഞു പി.ജെ ചിരിച്ചു. പാട്ടു പഠിച്ചിട്ടില്ലെങ്കിലും ആരോഹണ അവരോഹണങ്ങളിൽ ശ്രദ്ധിക്കുന്നതിനാൽ വെള്ളിയടിക്കാതെ ടോപ്പിൽ പാടാനും കഴിയുന്നു. ഗായിക ശ്വേതാമോഹനനോടൊപ്പം വരെ പാടിയിട്ടുണ്ട്. ഇടുക്കിയിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനിടയിൽ പുലർച്ചെ ആദിവാസി കോളനിയിലെത്തി പ്രസംഗം വേണ്ട പാട്ടുമതിയെന്ന് അവർ പറഞ്ഞു. ത്രികോണ മത്സരമായിട്ടും ആ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷമാണ് ലഭിച്ചത്. പലരും ആവശ്യപ്പെടുന്ന പൂമാനം പൂത്തുലഞ്ഞെ...എന്ന പാട്ടിൽ 'തുടിക്കും മാറത്തും തുളമ്പും ചുണ്ടത്തും തേനുണ്ടല്ലോ'''എന്ന വരികൾ ഇക്കിളിപ്പെടുത്തുന്നതാണ്. എന്നാൽ അതിൽ അശ്ലീലമില്ല. പാടി പതിഞ്ഞ നിരവധി ഗാനങ്ങളിലൂടെ ഒഴുകിയ ജോസഫിനോട് ജോസിനെക്കുറിച്ച് ഒരു പാട്ട് പാടാൻ നിർദ്ദേശിച്ചപ്പോൾ ' സി.എ.ടി കാറ്റ്, എം.എ.ഡി മാഡ് ...എന്ന ഹാസ്യഗാനം പാടി. പുലർച്ചെ മൂന്നരയ്ക്ക് എഴുന്നേൽക്കും. പിന്നെ യോഗ. നാലരമുതൽ പശുത്തൊഴുത്തിലാണ് 40 പശുക്കളിൽ നിന്ന് 700 ലിറ്റർ പാൽ കിട്ടും. പാട്ട്കേട്ടാണ് എന്റെ പശുക്കളും പാൽചുരത്തുന്നതെന്ന് പി.ജെ പറഞ്ഞു.