ബൈപാസ്- ജനറൽ ഹോസ്പിറ്റൽ റോഡ് തകർന്നു

പാലാ: എങ്ങനെ വഴി നടക്കും. എങ്ങനെ പോയാലും ചെളിയിൽ കുളിക്കും. യാത്രക്കാർ പറയുന്നത് വെറുതേയല്ല. ബൈപാസ്- ജനറൽ ഹോസ്പിറ്റൽ റോഡിന്റെ അവസ്ഥ അത്രയ്ക്ക് ദയനീയമാണ്. കണ്ണെത്തുന്നിടത്തെല്ലാം കുഴികൾ. മഴകൂടി എത്തിയതോടെ കുഴി കുളമായി. വെള്ളം നിറഞ്ഞതോടെ യാത്ര പൊല്ലാപ്പായി. ഒരു വാഹനം കടന്നുപോയാൽ പിന്നെ പറയേണ്ട. ചെളിയിൽ കുളിച്ച കാൽനടയാത്രക്കാരന്റെ പരാതിയായി പരിഭവമായി.

കിടങ്ങൂർ ഭാഗത്ത് നിന്നും കൊല്ലപ്പള്ളി ഭാഗത്തുനിന്നും ബൈപാസ് വഴി എത്തുന്ന വാഹനങ്ങൾക്ക് ടൗണിൽ കയറാതെ എളുപ്പത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്താൻ സഹായിക്കുന്നതാണ് ഈ റോഡ്. ഗവ.ഹോമിയോ ആശുപത്രി, വാട്ടർ അതോറിട്ടി ഓഫിസ്, മുനിസിസിപ്പൽ പൊതുശ്മശാനം, ളാലം പള്ളി എന്നിവിടങ്ങളിലേക്ക് വരുന്നവർ പ്രധാനമായും ഉപയോഗിക്കുന്നതും ഈ റോഡിനെയാണ്.

ഒരുപാട് വാഹനങ്ങൾ

കുഴി നിറഞ്ഞിട്ടും കടന്നുവരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കുഴികളിലെ ചെളിവെള്ളം താണ്ടിയാണ് ഹോമിയോ ആശുപത്രിയിലേക്കുള്ള രോഗികൾ ഉൾപ്പെടെ എത്തുന്നത്.