കോട്ടയം : സമ്പർക്കം മുഖനേയുള്ള രോഗവ്യാപനം കണ്ടെത്തുന്നതിനും പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലയിൽ കൊവിഡ് ആന്റിജൻ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. ആദ്യ ദിനമായ ഇന്നലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂക്കിൽനിന്നുള്ള സ്രവസാമ്പിളാണ് ശേഖരിക്കുന്നത്. അറുപത് വയസിനു മുകളിലുള്ളവരെയും ഗർഭിണികളെയും പത്തു വയസിൽ താഴെയുള്ള കുട്ടികളെയുമാണ് പ്രധാനമായും ഉൾപ്പെടുത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മേഖലയെന്ന നിലയിലാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ പരിഗണിച്ചത്. പള്ളിക്കത്തോട് പഞ്ചായത്തിലാണ് അടുത്തഘട്ടം പരിശോധന. 15 മിനിറ്റിനുള്ളിൽ ഫലം അറിയാൻ കഴിയും. ഡോക്ടർ, ഹെൽത്ത് സൂപ്പർവൈസർ, ഏഴ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മൂന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശാ പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്നലെ 7 പേർക്ക് കൊവിഡ്
വിദേശത്ത് നിന്നെത്തിയ നാലുപേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ടുപേരും ഉൾപ്പടെ ഏഴുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. എട്ടുപേർ കൂടി ഇന്നലെ രോഗമുക്തരായതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളത് 127 പേരാണ്. ജില്ലയിൽ ഇതുവരെ ആകെ 294 പേർക്ക് രോഗം ബാധിച്ചു. പാലാ ജനറൽ ആശുപത്രി : 32 , കോട്ടയം ജനറൽ ആശുപത്രി : 37, കോട്ടയം മെഡിക്കൽ കോളേജ് : 22, മുട്ടമ്പലം ഗവ.വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം : 17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം : 15 എറണാകുളം മെഡിക്കൽ കോളേജ് : 2, മഞ്ചേരി മെഡിക്കൽ കോളേജ് : 1, ഇടുക്കി മെഡിക്കൽ കോളേജ് : 1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചവർ
ഖത്തറിൽ നിന്ന് ജൂൺ 26 ന് എത്തിയ മേലുകാവ് സ്വദേശി (30)
ഷാർജയിൽ നിന്ന് ജൂൺ 27 ന് എത്തിയ മാടപ്പള്ളി സ്വദേശിനി (41)
സൗദിയിൽ നിന്ന് ജൂലായ് 8 ന് എത്തിയ തിരുവാർപ്പ് സ്വദേശി (30)
സൗദിയിൽ നിന്ന് ജൂലായ് 8 ന് എത്തിയ താഴത്തങ്ങാടി സ്വദേശി (30)
മുംബയിൽ നിന്ന് ജൂൺ 30 ന് എത്തിയ കടുത്തുരുത്തി സ്വദേശിനി (32)
ഹൈദരാബാദിൽ നിന്ന് ജൂലായ് 6 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (48)
സമ്പർക്കം മുഖേന പാറത്തോട് സ്വദേശി (72)