പൊൻകുന്നം: റബർപ്പാൽ നിറച്ച വീപ്പകളുമായി വന്ന ലോറി പാലാപൊൻകുന്നം റോഡിൽ പനമറ്റം നാലാംമൈൽ കവലയിൽ മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം.
വിഴിക്കിത്തോട് ജോസഫ്‌സ് റബേഴ്‌സിൽ നിന്ന് കൊൽക്കൊത്തയ്ക്ക് റബ്ബർപാൽ നിറച്ച വീപ്പകളുമായി പോയ ലോറിയാണ് വളവിൽ നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തേക്ക് മറിഞ്ഞത്. വീപ്പകൾ റോഡിൽ വീണ് പൊട്ടി റബർപാൽ റോഡിലൂടെ ഒഴുകി. സമീപത്തെ കുന്നേപ്പറമ്പിൽ സുജിത്തിന്റെ വീടിന്റെ കാർഷെഡിലേക്കും വീപ്പകൾ വീണു.റോഡിൽ പരന്ന റബർപാൽ കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് കഴുകി നീക്കി. പി.പി.റോഡിൽ പതിവായി അപകടം നടക്കുന്ന വളവാണിത്. മുൻപ് തടിലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് വീടിന് നാശമുണ്ടായിരുന്നു.