പാലാ: മുനിസിപ്പൽ അധികാരികളുടെ കടുംപിടുത്തത്തെ തുടർന്ന് പ്രവാസിക്ക് ക്വാറന്റൈൻ സൗകര്യം നിഷേധിക്കുന്നതായി പരാതി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ പ്രവാസിയുമായി ഇന്ന് നഗരസഭാ ആസ്ഥാനത്ത് സമരം നടത്തുമെന്ന് വ്യക്തമാക്കി നഗരസഭാ കൗൺസിലർമാർ രംഗത്തെത്തി. സൗദിഅറേബ്യയിൽ നിന്നും ഇന്നെത്തുന്ന 18ാം വാർഡ് നിവാസിയായ യുവാവിനാണ് പാലാ നഗരസഭ ക്വാറന്റൈൻ സൗകര്യം നിഷേധിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
യുവാവിന് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ 15, 18 വാർഡിലെ കൗൺസിലർമാർ നഗരസഭാധികാരികൾക്ക് കത്ത് നൽകിയെങ്കിലും ഇതേ വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം. വീട്ടിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തത് മൂലം നഗരസഭയുടെ ചുമതലയിലുള്ള ക്വാറന്റൈൻ കേന്ദ്രം വേണമെന്ന് യുവാവ് വിദേശത്ത് നിന്നുതന്നെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചില നഗരസഭ ഉദ്യോഗസ്ഥർ വിഷയത്തിൽ അലംഭാവം കാട്ടിയതായി പാലാ നഗരസഭ പ്രതിപക്ഷ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം കുറ്റപ്പെടുത്തുന്നു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ യുവാവുമായി നഗരസഭ ആസ്ഥാനത്തെത്തി നാട്ടുകാരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ സത്യഗ്രഹം ഇരിക്കുമെന്നും അഡ്വ. ബിനുവ്യക്തമാക്കി. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തനിക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ വേണമെന്ന് പ്രവാസി കത്തു നൽകിയാൽ പ്രശ്‌നം പരിഹാരമാകുമെന്ന് പാലാ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഹുവൈസ് പറഞ്ഞു.