പാലാ: വ്യാജ രേഖകൾ ചമച്ച് ഭരണങ്ങാനം എസ്.ബി.ഐ ശാഖയിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിനെതിരെ തുടരന്വേഷണം.
വ്യാജരേഖകൾ സമർപ്പിച്ച് മറ്റൊരു ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായും പാലാ ഡി.വൈ.എസ്.പി കെ. ബൈജുകുമാർ പറഞ്ഞു. തട്ടിപ്പുകേസിൽ 9 പ്രതികളാണുള്ളത്. തട്ടിപ്പിന്
നേതൃത്വം നൽകിയ മത്സ്യവ്യാപാരി മനോജ് ഉൾപ്പടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ രണ്ട്‌പേർ സ്ത്രീകളാണ്.മറ്റ് പ്രതികൾ
ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. അതേസമയം കൂടുതൽ ബാങ്കുകൾ പരാതിയുമായി അന്വേഷണ സംഘത്തെ സമീപിച്ചതായും സൂചനയുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും കുടുംബാംഗങ്ങളിൽ ചിലരോട് മോശമായി
പെരുമാറിയെന്ന് കാട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രതികളിലൊരാൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യാജരേഖകൾ സമർപ്പിച്ച് കൂടുതൽ ബാങ്കുകളെ
കബളിപ്പിച്ച് പ്രതികൾ വൻതുക തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. എന്നാൽ അന്നൊന്നും ഈ ബാങ്കുകൾ പരാതിയുമായി രംഗത്ത്
എത്തിയിരുന്നില്ല.കൂടുതൽ തട്ടിപ്പുകൾ ബോധ്യപ്പെട്ട സ്ഥിതിക്ക് പ്രതികളെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം.