വൈക്കം: എസ്.എൻ.ഡി.പി യോഗത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വൈക്കം യൂണിയന്റെ പൂർണ്ണ പിന്തുണ. യോഗ നേതൃത്വത്തിനും ജനറൽ സെക്രട്ടറിക്കുമെതിരെ നടക്കുന്ന സത്യവിരുദ്ധമായ പ്രചാരണങ്ങൾക്ക് പിന്നിൽ സ്ഥാപിത താത്പര്യക്കാരുണ്ട്. യോഗത്തെ അസ്ഥിരപ്പെടുത്താൻ ഇത്തരക്കാർ കാലങ്ങളായി ശ്രമിച്ചു വരികയാണ്. വെള്ളാപ്പള്ളി നടേശൻ യോഗനേതൃത്വം ഏറ്റെടുത്ത ശേഷം എസ്.എൻ.ഡി.പി യോഗത്തിനും ഈഴവ സമുദായത്തിനുമുണ്ടായ വളർച്ച വ്യക്തമാണ്. നേതൃത്വത്തെ തളർത്തി പ്രസ്ഥാനത്തെ തകർത്ത് അതിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. യോഗം പ്രവർത്തകരും യോഗത്തെ സ്‌നേഹിക്കുന്നവരും എന്നും വെള്ളാപ്പള്ളി നടേശനൊപ്പമാണെന്നും യൂണിയൻ കൗൺസിൽ അംഗികരിച്ച പ്രമേയം പറയുന്നു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. പി.സെൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ,കൗൺസിലർമാരായ പ്രഭാകരൻ, കൃഷ്ണകുമാർ, അഭിലാഷ്, മോഹനൻ, വിജയൻ, ഷാജി എന്നിവർ സംസാരിച്ചു.