അടിമാലി: മാങ്കുളം വിരിഞ്ഞപാറയിൽ 60 ലിറ്റർ കോട അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ ചാരായ നിർമ്മാണവും വിൽപ്പനയും സജീവമായി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം മാങ്കുളം വിരിഞ്ഞപാറയിൽ പരിശോധന നടത്തിയത്. 40 ലിറ്റർ കോട വിരിഞ്ഞപാറ സ്വദേശി നെടുങ്കല്ലേൽ രാജു ചാക്കോയുടെ വീടിന് സമീപത്തായി പ്ലാസ്റ്റിക് കുടങ്ങളിലും 20 ലിറ്റർ കോട പുഞ്ചാൽ റഫീഖ് ഫിലിപ്പിന്റെ വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ജാറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്.ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.ഒളിപ്പിച്ച് വച്ചിരുന്ന കോട കണ്ടെത്തി പരിശോധനാ സംഘം സംഭവ സ്ഥലത്തു വച്ച് തന്നെ നശിപ്പിച്ചു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് നല്ലതണ്ണിയാറിന് തീരത്തു നിന്നും ഒളിപ്പിച്ച് വച്ചിരുന്ന ചാരായം നർക്കോട്ടിക് സംഘം കണ്ടെടുത്തിരുന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ വി പി അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജീവ് കെ എച്ച്, കെ വി സുകു, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ്,മാനുവൽ എൻ ജെ,ശരത് എസ് പി എന്നിവർ പങ്കെടുത്തു.