nel

കോട്ടയം : അനാവശ്യ വിവാദമുണ്ടാക്കി കൃഷി തടസപ്പെടുത്താനുള്ള നീക്കം മറി കടന്ന് മെത്രാൻ കായൽ നിലം നെല്ലും മീനും പദ്ധതിക്ക് ഒരുങ്ങി. ഞായറാഴ്ച പാടശേഖര കമ്മിറ്റി കൂടി വിത്തു വിതയ്ക്കാനുള്ള തിയതി തീരുമാനിക്കും.

നെൽകൃഷി ലാഭകരമാക്കാൻ സർക്കാർ അംഗീകരിച്ച പദ്ധതിയാണ് ഒരു നെല്ലും മീനും . കഴിഞ്ഞ ഒക്ടോബറിൽ പാട്ട കാലാവധി കഴിഞ്ഞിട്ടും അനുവാദമില്ലാതെ ചിലർ മീൻ കൃഷി തുടരുകയാണ്. ഇതിനിടയിലാണ് മീൻ കൃഷി വേണ്ട നെല്ലു മാത്രം മതിയെന്ന വിവാദത്തിന് ചിലർ തിരി കൊളുത്തിയത് . നെല്ലിന് 15000 രൂപയും മീനിന് 3000 രൂപയും ഒരു ഏക്കറിൽ പാട്ട തുക കമ്പനി പുതുക്കി നിശ്ചയിച്ചതോടെ പാട്ട തുക ഉയർന്നു എന്നായി വിവാദം. തദ്ദേശീയരെ പാട്ടത്തിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു അടുത്ത പ്രചാരണം . ഇതെല്ലാം മറി കടന്നാണ് തദ്ദേശീയരായ 89 കർഷകരെ ചേർത്ത് പാടശേഖര സമിതി ഉണ്ടാക്കി നെല്ലും മീനും പദ്ധതി പ്രകാരം ഈ വർഷത്തെ കൃഷി നടത്തുന്നത്. ഇതിന് തടയിടാൻ 26വരെ കോടതി ഇൻജക്ഷൻ വാങ്ങിയെങ്കിലും പുതിയ സമിതി പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് .

കൃഷി 376 ഏക്കറിൽ

403.86 ഏക്കറോളം വരുന്ന കായലിലെ വിശ്വതേജ് വെഞ്ചേഴ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 376 ഏക്കർ കൃഷിയിടമാണ് കൃഷിയ്ക്കായി ഒരുക്കുന്നത്. പത്ത് ഏക്കറിൽ മീൻ കൃഷി നടത്തും. കൊയ്തു കഴിയുമ്പോൾ മുഴുവൻ കൃഷിയിടത്തേക്കും മീനുകളെ തുറന്നു വിടും. പാടശേഖര സമിതി അംഗങ്ങൾക്ക് മീൻ കൃഷിയുടെ ലാഭം വീതം വയ്ക്കും.

മുൻ കാലങ്ങളിൽ നടത്തിയ കൃഷിയിലെ അപാകതകൾ പരിഹരിക്കാൻ കമ്പനി ഒരു വ്യക്തിക്ക് കരാർ നൽകി. ആ വ്യക്തിയിൽ നിന്നാണ് 89 കൃഷിക്കാർ ഏക്കറിന് 18000 രൂപ നൽകി പാട്ടത്തിനെടുത്തത്. ഈ തുക കൂടുതലെന്ന ആരോപണം ശരിയല്ല . 24000 പാടശേഖരത്തിൽ ഒരു ഏക്കർ നെൽകൃഷിക്ക് മാത്രം 25000 രൂപ വരെ പാട്ടം വാങ്ങുമ്പോൾ മെത്രാൻ കായലിൽ നെല്ലിനും മീനിനുമായി 18000 രൂപയേ ഉള്ളൂ. ഒരു വ്യക്തി കരാർ എടുത്തുവെന്ന് ആരോപിക്കുന്നവർ റാണി, ചിത്തിര, മാർത്താണ്ഡം കായൽ കൃഷി ഒരാൾ മാത്രം പാട്ടമെടുത്ത് നടത്തുന്നത് സൗകര്യപൂർവം മറക്കുകയാണ്. വിവാദമുണ്ടാക്കി മെത്രാൻ കായലിൽ കൃഷി നടത്തിക്കാതെ കുറഞ്ഞ പാട്ടത്തിന് തങ്ങൾക്ക് തന്നെ വീണ്ടും കൃഷി നടത്താനുള്ള ചിലരുടെ നീക്കം കമ്പനി പൊളിച്ചതിലുള്ള നീരസമാണ് എതിർപ്പിനു കാരണം.

എം.കെ.രാജേഷ്, ജോയിന്റ് സെക്രട്ടറി, മെത്രാൻ കായൽ പാടശേഖര സമിതി