പള്ളിക്കത്തോട്: മനുവിന് ഒരു കാലില്ല, ഇരുകൈയിലും ക്രച്ചസ് ഊന്നിയാണ് നടക്കുന്നത്. ബുള്ളറ്റിൽ ഒറ്റയ്ക്ക് ലഡാക്കിലെത്തണം. അതാണ് ഈ ഇരുപത്തിരണ്ടുകാരന്റെ ജീവിതാഭിലാഷം. കേട്ടവരൊക്കെ പറഞ്ഞു, നടക്കാത്ത കാര്യം. പക്ഷേ, സുഹൃത്തുക്കൾ
പറയും, അവൻ മനസുവച്ചാൽ എന്തും നടക്കും. അവരുടെ മുന്നിലൂടെ സുഹൃത്തിന്റെ ബുള്ളറ്റിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയാണ് മനു.
അപകടത്തിൽപ്പെട്ട നിരവധിപേർക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രചോദനമായി മാറുകയാണ് മനുവിന്റെ ജീവിതം.
കഴിഞ്ഞ വർഷം മേയ് അഞ്ചിന് മുണ്ടക്കയത്തുണ്ടായ ബൈക്ക് അപകടമാണ് പള്ളിക്കത്തോട് കൂരാലി വെട്ടിക്കാട്ടിൽ ബാബു-മായ ദമ്പതികളുടെ മകൻ മനുവിന്റെ ഒരു കാൽ നഷ്ടപ്പെടുത്തിയത്. ആശുപത്രി വിട്ടശേഷം ഏറെക്കാലം കട്ടിലിൽ തന്നെയായിരുന്നു. പിന്നെ വാക്കറിന്റെ സഹായത്താൽ നടക്കാൻ പരിശീലിച്ചു. കൂട്ടുകാർ ബൈക്കിൽ പോകുന്നതു കാണുമ്പോഴെല്ലാം മോഹം ഉണരും.
അതൊരു സങ്കടംപോലെ പറഞ്ഞപ്പോൾ സുഹൃത്ത് ബുള്ളറ്റുമായെത്തി. പിന്നിലിരുന്ന് ആദ്യയാത്ര. ലോക്ക് ഡൗണിൽ വിജനമായ റോഡുകൾ മനുവിന്റെ മോഹത്തിന് തീപിടിപ്പിച്ചു. ക്രമേണ മുൻസീറ്റിലേക്ക്. കൈകൾ കൊണ്ട് നിയന്ത്രിച്ച് ഓടിക്കുന്നത് മനു. കാലുകളിലെ നിയന്ത്രണം പിന്നിലിരിക്കുന്ന സുഹൃത്ത്. പിന്നാലെ സുഹൃത്തിന്റെ പാദങ്ങളുടെ പിന്തുണയില്ലാതെയും യാത്ര. ഹാൻഡ് ബ്രേക്കിൽ നിയന്ത്രിക്കും. ബുള്ളറ്റിൽ കയറാനും ഇറങ്ങാനും ഒരാളുടെ സഹായം വേണമെന്ന് മാത്രം. ചെറിയ യാത്രകളെല്ലാം ഇപ്പോൾ ഒറ്റയ്ക്കാണ്.
പിൻസീറ്റിലിരുന്ന് സഹായിക്കാൻ ഒരാളുണ്ടെങ്കിൽ ദൂരയാത്രയും സാദ്ധ്യമാണെന്ന് മനു പറയുന്നു. സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങണമെന്നും ആഗ്രഹമുണ്ട്. പ്ലസ്ടു പഠനകാലത്തായിരുന്നു അപകടം. പിന്നാലെ ഐ.ടി.ഐ പഠനം. സി.സി.ടിവി വർക്കുകളും ചെയ്തിരുന്നു. നല്ലൊരു ജോലി നേടണം, ബൈക്കിൽ ലഡാക്കിൽ പോകണം. മനുവിന്റെ ജീവിതലക്ഷ്യം വ്യക്തമാണ്. കൂലിപ്പണിക്കാരനാണ് പിതാവ്. മാതാവ് ബേക്കറിയിലെ ജോലിക്കാരിയും. ഏക സഹോദരി മീനു. മനു വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
സുഹൃത്തുക്കളും വീട്ടുകാരും നല്കിയ പിന്തുണകൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത്. എല്ലാ കുറവുകളെയും പോസിറ്റീവായി കാണുകയും നാം മുന്നോട്ടു കുതിക്കുകയും വേണം.
-മനു