പൊൻകുന്നം: കൊടുംവളവുകൾ, ഒപ്പം കാഴ്ചമറച്ച് പൊന്തക്കാടുകൾ കൂടിയായാലോ... യാത്രക്കാർ അൽപമൊന്ന് ഭയക്കും. തീർച്ച. പാലാപൊൻകുന്നം റോഡിൽ അപകടങ്ങൾ പതിവാണ്. ഇവിടെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ കെണിയൊരുക്കുകയാണ് റോഡിലേക്ക് വളർന്നിറങ്ങിയ പൊന്തക്കാടുകളും മരച്ചില്ലകളും. മഴക്കാലത്തിനുമുമ്പ് മേഖലയിലെ പ്രധാന പാതകളിലെ ഓട തെളിക്കുകയും റോഡിലേക്ക് വളരുന്ന കാടുകൾ വെട്ടിനീക്കുകയും ചെയ്യുന്നത് മുമ്പ് പതിവായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. പൊന്തക്കാടുകളും മരച്ചില്ലകളും വളവുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. ഇതുമൂലം എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ടാറിംഗിലേക്ക് വരെ പലയിടത്തും കാടുവളർന്നുകയറിയ അവസ്ഥയുമുണ്ട്. വഴിയാത്രക്കാർ ഇഴജന്തുക്കളെ പേടിച്ച് അരികിലൂടെ നടക്കാതെ ടാറിംഗിലൂടെ നടക്കേണ്ട ഗതികേടാണിപ്പോൾ. ഇരുവശത്തേക്കും അമിതവേഗത്തിൽ വാഹനങ്ങൾ പായുമ്പോൾ കാടുമൂലം കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കുന്നതും അപകടത്തിനിടയാക്കും.
അന്ന് തെളിച്ചു, ഇന്ന് വളർന്നു
മാസങ്ങൾക്ക് മുൻപ് ശബരിമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി ചിലയിടങ്ങളിൽ കാട് തെളിച്ചിരുന്നു. മഴക്കാലമായപ്പോൾ എല്ലായിടത്തും കാടുവളർന്നുകയറി. സംസ്ഥാനപാതയായി നവീകരിച്ച പാലാപൊൻകുന്നം റോഡ് കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതാണ്. ഈ സാഹചര്യത്തിൽ കാടുതെളിക്കൽ വകുപ്പിന്റെ ചുമതലയാണെങ്കിലും നടപടി നീളുകയാണ്.