കോട്ടയം: കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിൽ കോട്ടയം മാർക്കറ്റ്. ഇതിന്റെ ഭാഗമായി വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഗ്രീൻ സോണിലേയ്‌ക്കു നീങ്ങുന്നതിനിടെ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ രോഗ ബാധ സമയത്ത് ഏർപ്പെടുത്തിയതിനു സമാനമായ നിയന്ത്രണങ്ങളാണ് മാർക്കറ്റിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് ആറ് ചുമട്ട് തൊഴിലാളികൾക്ക് അടക്കം രോഗം സ്ഥിരീകരിച്ചിരുന്നു.
നിയന്ത്രണങ്ങൾ
ചരക്ക് വാഹനങ്ങൾ മാർക്കറ്റിലെത്തും മുൻപ് കോടിമതയിൽ അണുവിമുക്തമാക്കണം
വെഹിക്കിൾ എൻട്രി പാസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം വേണം ലോഡ് ഇറക്കാൻ
അന്യസംസ്ഥാന ചരക്ക് വാഹനങ്ങളിലെ ജീവനക്കാർ വാഹനങ്ങളിൽ നിന്നിറങ്ങരുത്.
എല്ലാ കച്ചവട സ്ഥാപനങ്ങളും എല്ലാ ദിവസവും അണുനശീകരണം നടത്തണം
മാർക്കറ്റിൽ എത്തുന്നവർ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം
മാർക്കറ്റിനുള്ളിൽ ഒരു കാരണവശാലും ആളുകൾ കൂട്ടം കൂടാൻ അനുവദിക്കരുത്.
കടകളിൽ കർശന നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ
ഹെൽപ് ഡെസ്‌ക്
കോട്ടയം മാർക്കറ്റിൽ കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. കോട്ടയം ആർ.ഡി.ഓ ജോളി ജോസഫ്, തഹസീൽദാർ പി.ജി രാജേന്ദ്രബാബു, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്രീജിത്ത്, നഗരസഭ അംഗം എസ്.ഗോപകുമാർ, വ്യാപാരി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ ഖാദർ, സെക്രട്ടറി കെ.പി ഇബ്രാഹിം, കമ്മിറ്റി അംഗങ്ങളായ സി.ബി ദേവസ്യ, പി.കെ മധു എന്നിവർ നേതൃത്വം നൽകും.