കോട്ടയം : കൊവിഡ് കണക്കുകളിൽ പിന്നിലാണെങ്കിലും രോഗ പ്രതിരോധത്തിൽ മുന്നിലെത്താൻ കർശന നടപടികളുമായി ജില്ല മുന്നോട്ട്. തിരുവനന്തപുരത്തും പൊന്നാനിയിലും അടക്കം സംഭവിച്ചത് പോലെയുള്ള പിഴവുകൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്താൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ മാർക്കറ്റുകളിൽ പരിശോധന കർശനമാക്കും. മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട ജില്ലയിലെ സ്ഥിതിവിവരക്കണക്കുകളും തുടർപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, വിവിധ വകുപ്പുകളുടെ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിയന്ത്രണങ്ങൾ

 ജില്ലയിലെ എല്ലാ മാർക്കറ്റിലും ഹെൽപ്പ് ഡസ്‌ക്

 ഇൻഫ്രാ റെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പനി പരിശോധന

 പ്രതിരോധ ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്

 ജനങ്ങൾ അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കണം.

 മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ചില്ലറ വിൽപ്പന പാടില്ല.

 രോഗപ്രതിരോധ മുൻകരുതൽ മൈക്ക് വഴി വിളിച്ചു പറയും.