കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ചവരില്‍ കൂടുതലും യുവാക്കളാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. 16 മുതല്‍ 35 വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് രോഗം കൂടുതലായി ബാധിച്ചത്. ജൂലായ് ഒന്‍പതു വരെ രോഗം ബാധിച്ച 294 പേരില്‍ 148 പേരാണ് ഈ പ്രായപരിധിയിലുള്ളത്.
36 മുതൽ 59 വയസുവരെയുള്ള 109 പേര്‍ക്ക് വൈറസ് ബാധിച്ചു. അറുപതു വയസിനു മുകളിലുള്ള 17 പേരും ആറു മുതല്‍ 15 വരെ പ്രായമുള്ള 15 കുട്ടികളും അഞ്ചു വയസില്‍ താഴെയുള്ള അഞ്ചു കുട്ടികളും വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്. രോഗം ബാധിച്ചവരില്‍ 81 പേര്‍ പുരുഷന്‍മാരും 113 പേര്‍ സ്ത്രീകളുമാണ്. 147 പേര്‍ വിദേശത്തുനിന്നും 116 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 31 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.
രോഗികളിൽ നഴ്‌സുമാർ കൂടുതൽ
രോഗബാധിതരില്‍ ഏറ്റവുമധികം പേര്‍ നഴ്‌സുമാരാണ് -46 പേര്‍. വീട്ടമ്മമാര്‍-39, വിദ്യാര്‍ത്ഥികള്‍-22, ഡ്രൈവര്‍മാര്‍-11, ഓഫീസ് ജീവനക്കാരും എന്‍ജിനീയര്‍മാരും -10 വീതം. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രോഗ ബാധിതരില്‍ ഏറ്റവുമധികം പേര്‍ കുവൈറ്റില്‍നിന്നുള്ളവരാണ്- 54 പേര്‍. മഹാരാഷ്ട്രയില്‍നിന്നു വന്ന 50 പേര്‍ രോഗബാധിതരായി. ഇതില്‍തന്നെ 38 പേര്‍ മുംബയില്‍നിന്നുള്ളവരാണ്. യു.എ.ഇ- 46, ന്യൂഡല്‍ഹി- 35, സൗദി അറേബ്യ- 25, തമിഴ്‌നാട്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
മാടപ്പള്ളി- 55
സ്ഥിരീകരിച്ചവരുടെ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലുള്ള കണക്ക്. ബ്ലോക്ക് പഞ്ചായത്തുകള്‍: മാടപ്പള്ളി- 55, വാഴൂര്‍- 35, കാഞ്ഞിരപ്പള്ളി- 30, പാമ്പാടി- 29, ഏറ്റുമാനൂര്‍ -28, പള്ളം-23, ഉഴവൂര്‍ -17, കടുത്തുരുത്തി-14, വൈക്കം-8, ളാലം-7, ഈരാറ്റുപേട്ട - 4.
മുനിസിപ്പാലിറ്റികള്‍: കോട്ടയം-25, ചങ്ങനാശേരി- 9, ഏറ്റുമാനൂര്‍-3, വൈക്കം-3, ഈരാറ്റുപേട്ട -2, പാലാ -2.