church

കോട്ടയം: പുരാതന ദേവാലയമായ നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന പുണ്യവാളന്റെ രൂപം എടുത്ത് കാട്ടിൽ തള്ളി. രൂപക്കൂട് തകർത്താണ് തിരുസ്വരൂപം കവർന്നത്. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് കാട്ടിൽ നിന്നും ഇന്ന് രാവിലെ തിരുസ്വരൂപം കണ്ടെത്തിയത്. പൂർണമായും നശിക്കാത്ത രൂപം പൊലീസ് പള്ളി അധികാരികളെ ഏല്പിച്ചു. വിവരമറിഞ്ഞ് ഭക്തജനങ്ങൾ പള്ളിയിലേക്ക് പ്രവഹിക്കുകയാണ്.

പൊലീസ് പട്രോളിംഗ് ഉള്ള സ്ഥലമാണിവിടം. രാത്രി പന്ത്രണ്ടുമണിയോടെ പട്രോളിംഗ് സംഘം ഇവിടെയെത്തി ബുക്കിൽ ഒപ്പിട്ടിരുന്നു. അത് കഴിഞ്ഞാവാം സംഭവം. സാമൂഹ്യവിരുദ്ധരാവും ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുരിശടിയിലെ നേർച്ചപ്പെട്ടി കവർന്നിട്ടില്ല.

വിവരമറിഞ്ഞ് കറുകച്ചാൽ സി.ഐ സജിമോനും സംഘവും സ്ഥലത്തെത്തി. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോക് സ്ക്വാഡും ഉച്ചയോടെ എത്തും. പള്ളിയിലെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.