കോട്ടയം:മതപാഠശാല പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃയോഗം ആവശ്യപ്പെട്ടു. 1949 ൽ ദേവസ്വം ബോർഡ് രൂപീകരിച്ചു മുതൽ തുടങ്ങിയ ഹിന്ദു മത പാഠശാല സംവിധാനത്തെയാണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് ഇല്ലാതാക്കിയിരിക്കുന്നത്. ഈ വിഷയങ്ങളിൽ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ ഹിന്ദു നേതൃയോഗം തീരുമാനിച്ചു. വിവിധ ആവശ്യം ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അസി.കമ്മീഷണർ ഓഫീസുകൾ ഉപരോധിക്കും.ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനും തീരുമാനിച്ചു. ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരി അദ്ധ്യക്ഷത വഹിച്ചു. മാർഗദർശക് മണ്ഡൽ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി ദീപം തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് ജി.രാമൻ നായർ ഉദ്ഘാടനം ചെയ്‌തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡൻ്റ് പി.എസ്.പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം.സത്യശീലൻ, ഭാരതവേലൻ മഹാസഭ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.എൻ.ചന്ദ്രശേഖരൻ, കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി അംഗം എസ്.ശങ്കർ, കേരള വീരശൈവ സഭ സംസ്ഥാന സെക്രട്ടറി എ.എൻ.സുരേന്ദ്രൻ പിള്ള, ഹിന്ദു മതപാഠശാല കൺവീനർമാരായ പ്രമോദ് തിരുവല്ല, കുടമാളൂർ രാധാകൃഷ്ണൻ, റ്റി. പ്രസന്നകുമാർ, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, സ്വാമിയാർ മഠം ട്രസ്റ്റ് ഉപാദ്ധ്യക്ഷൻ സി.പി.മധുസൂദനൻ, സി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.