കോട്ടയം : ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം കാസർകോട് സിൽവർലൈൻ അതിവേഗറെയിൽപാത ജനവാസമേഖലയിലൂടെ കടന്നുപോകുന്നതിനെതിരെ കോട്ടയത്ത് പ്രതിഷേധം കനക്കുന്നു. സ്ഥലവാസികൾക്കൊപ്പം ചേർന്ന് യു.ഡി.എഫാണ് പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്നത്. അതിവേഗ റെയിൽപാതയുടെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് കൊല്ലാട് നടക്കുന്ന ഉപവാസസമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. റെയിൽപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കരണം. കോട്ടയത്ത് മുളക്കുളത്ത് നിന്ന് ആരംഭിച്ച് ഞീഴൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം പനച്ചിക്കാട് , വാകത്താനം ,മാടപ്പള്ളി, കുന്നന്താനം, ഇരവിപേരൂർ, പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകളുടെ വസ്തു, വീട്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥലം നഷ്ടപ്പെടുമെന്നാണ് പരാതി. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൊല്ലാട് നാൽക്കവലയിൽ നടക്കുന്ന ഉപവാസസമരത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ് എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തുടങ്ങിയവർ പങ്കെടുക്കും കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിക്കും.
ഏറ്റെടുക്കേണ്ടത് 10,000 ഏക്കർ ഭൂമി
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കാൻ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് നീക്കം. പദ്ധതി നടപ്പാക്കണമെങ്കിൽ 20,000 കുടുംബങ്ങളെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോഡുവരെ 532 കിലോമീറ്റർ അതിവേഗ പാത നിർമ്മാണത്തിനായി 6395 വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ റിപ്പോർട്ടിൽ പറയുന്നത്. പദ്ധതിയുടെ നിർമ്മാണ ചെലവ് 67,045 കോടി രൂപയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് നിർമാണ ചുമതലയുള്ള കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ പറയുന്നു. പാതയുടെ 132 കിലോമീറ്റർ കടന്നുപോകുന്നത് നെൽവയലുകളിലൂടെയും നീർത്തടങ്ങളിലൂടെയുമാണ്.
പദ്ധതിക്കായി 10,000 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.