കോട്ടയം: വഴിയോരങ്ങളിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇതു സംബന്ധിച്ച് ജില്ലാ ഭരണ കൂടം കർക്കശ നിർദേശം നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ നഗരത്തിൽ എം.എൽ റോഡ്, കോഴിച്ചന്ത, മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്നവരെ റവന്യൂ, നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. സമൂഹ വ്യാപന പ്രതിരോധത്തിനായി ജില്ലയിലെ മാർക്കറ്റുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണിത്.

ഒഴിഞ്ഞു പോകണമെന്ന് വെള്ളിയാഴ്ച വ്യാപാരികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനു ശേഷവും തുടർന്നവരുടെ കടകൾ പൊളിച്ചു നീക്കി. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.