ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതും നാടോടി സ്ത്രീയെ ആശുപത്രിയിലാക്കിയതു മടക്കം കൊവിഡിന്റെ പേരിൽ മനുഷ്യത്വ രഹിതമായ പ്രവൃത്തികൾ സമ്പൂർണ സാക്ഷരതയിൽ അഭിമാനിക്കുന്ന ചുറ്റുവട്ടത്ത് വർദ്ധിക്കുകയാണ്.
ഇറ്റലിയിൽ നിന്നു വന്ന ബന്ധുവിനെ സ്വീകരിക്കാൻ പോയ ചെങ്ങളത്തെ ദമ്പതികൾക്ക് നേരെ കൊവിഡ് ആരോപിച്ച് എന്തൊക്കെ പുകിലുകളായിരുന്നെന്നോ നാട്ടുകാർ കാട്ടി കൂട്ടിയത് .വീട്ടുകാരെ ബഹിഷ്ക്കരിച്ചു. അയൽവാസികൾക്കു വരെ അയിത്തം കൽപ്പിച്ചു. സമീപത്തെ കള്ള് ഷാപ്പും കടകളും അടപ്പിച്ചു. ഒരു പ്രദേശത്തുള്ളവരെ പട്ടിണിയിലാഴ്ത്തി .രോഗം സംശയിച്ച ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. അവസാനം അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി.എൻ.വാസവൻ ധൈര്യസമേതം ചെങ്ങളത്തെ വീട്ടിലെത്തി വേണ്ട സഹായങ്ങൾ നൽകി അഭയം ആംബുലൻസിലാണ് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചതും രോഗം ഭേദമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതും.
കഴിഞ്ഞ മാർച്ചിലായിരുന്നു ഈ സംഭവമെങ്കിൽ കഴിഞ്ഞ ദിവസമാണ് രണ്ട് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ താത്ക്കാലികമായി അടച്ച പൊൻകുന്നത്തെ അരവിന്ദ് ആശുപത്രിയിൽ നേരത്തേ പരിശോധനയ്ക്കു പോയെന്ന കാരണത്താൽ യുവതിക്ക് ഇരുപത്താറാം മൈലിൽ മേരി ക്വീൻസ്, പൊൻകുന്നം ശാന്തിഭവൻ എന്നീ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്. ഗർഭിണിയാണ്, പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടെന്ന് അറിയിച്ചിട്ടും പരിഗണിച്ചില്ല. ഒടുവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് ചികിത്സ ലഭിച്ചത്. ഇതേക്കുറിച്ച് പത്ര വാർത്ത വന്നതോടെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. അടിസ്ഥാനമില്ലാത്ത കാരണങ്ങളുടെ പേരിൽ ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞപ്പോൾ തങ്ങൾ കുറ്റമൊന്നും ചെയ്തില്ലെന്നും കൊവിഡ് പരിശോധനക്കു ശേഷം എത്താൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം .
ബംഗ്ലൂരിൽ നിന്നു വന്ന നഴ്സിനും രണ്ട് മക്കൾക്കും താമസിക്കാൻ വീട്ടുകാർ ഇടം കൊടുക്കാത്തതായിരുന്നു അടുത്ത നാണക്കേട്. ഭർതൃവീട്ടുകാരും സ്വന്തം വീട്ടുകാരും വാതിൽ കൊട്ടി അടച്ചതോടെ യുവതിക്ക് പല സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നു. അവസാനം സർക്കാർ കേന്ദ്രത്തിൽ പതിനാല് ദിവസം താമസിക്കാൻ സൗകര്യമൊരുക്കി. കൊവിഡ് നെഗറ്റീവാണെങ്കിലും വീട്ടുകാർ മുഖം തിരിച്ചു നിൽക്കുന്നതിനാൽ രണ്ടു കുട്ടികളുമായി എവിടെ പോകുമെന്ന യുവതിയുടെ ചോദ്യത്തിന് ഉത്തരമില്ല.
പാലായിൽ അലഞ്ഞു തിരിഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയായ സ്ത്രീയെ നാട്ടുകാർ കൊവിഡ് ആരോപിച്ച് ബസിൽ നിന്നിറക്കി വിട്ടു. പാലാ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്നാണ് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുമില്ല .
കൊവിഡ് പ്രതിരോധത്തിന് വായും മൂക്കും മൂടി മാസ്ക് ധരിക്കാനോ സാനിറ്റൈസർ ഉപയോഗിക്കാനോ സാമൂഹ്യ അകലം പാലിക്കാനോ തയ്യാറാകാത്തവരാണ് കൊവിഡിന്റെ ചെലവിൽ സദാചാര പൊലീസ് കളിക്കുന്നതെന്നതാണ് വിചിത്രം. ഇത്തരക്കാരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ടിയിരിക്കുന്നു. സ്വർണകടത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാടെങ്ങും സമരം നടക്കുകയാണ് .സാമൂഹ്യ അകലം പാലിക്കാതെയും മാസ്കുകൾ മുഖത്തു നിന്ന് മാറ്റിയുമാണ് സമരക്കാർ കാമറയുടെ മുന്നിൽ തിക്കി തിരക്കുന്നത് . പൊലീസ് ജലപീരങ്കി ഉപയോഗിക്കുമ്പോൾ വെള്ളം എല്ലാ സമരക്കാരുടെ ദേഹത്തും സ് പ്രേ ചെയ്യുകയാണ് . ഒരാൾക്ക് രോഗമുണ്ടെങ്കിൽ രോഗം പടരാൻ ഇതു കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സമരക്കാരെ നേരിടുന്ന പൊലീസുകാർക്കും രോഗം വരാം. കൊവിഡ് സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആളെ കൂട്ടിയുള്ള സമരം വേണോ എന്നാണ് നേതാക്കളോട് ചോദിക്കാനുള്ളത്.