അടിമാലി: ബ്ലോക്ക് പഞ്ചായത്ത് ആഫീസ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം നടത്തി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴിയിലെ ആരോഗ്യപ്രവർത്തകയുമായി ബ്ലോക്ക് പഞ്ചായത്ത് ആഫീസിലെ ഒരു ജീവനക്കാരന്‍ പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് അടച്ച് അണുനശീകരണം നടത്തുകയുമായിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ നടന്ന മീറ്റിംഗിൽ ആരോഗ്യപ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരൻ പങ്കെടുത്തിരുന്നു. ഇക്കാരണത്താൽ മീറ്റിംഗിൽ പങ്കെടുത്തവരും ബ്ലോക്ക് പഞ്ചായത്ത് ആഫീസുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് രണ്ട് പേരുമുൾപ്പെടെ 17 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരന്റെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ബി. ദിനേശൻ പറഞ്ഞു.