അടിമാലി: ഐ.സി.ഡി.എസിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അംഗൻവാടി വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അടിമാലി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. അവകാശ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ധർണ. അടിമാലി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടി സി.ഐ.ടി.യു അടിമാലി ഏരിയാ പ്രസിഡന്റ് എം. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, വേതനം വർദ്ധിപ്പിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുമ്പോട്ട് വയ്ക്കുന്നു. അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ അടിമാലി പ്രൊജക്ട് പ്രസിഡന്റ് ലാലി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിജി ജെയിംസ്, ശോഭനാകുമാരി എന്നിവർ സംസാരിച്ചു.