വൈക്കം: കഴിഞ്ഞ ദിവസം ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ടി.വി വിതരണ ചടങ്ങിൽ പങ്കെടുത്ത ഇടയാഴം സ്വദേശിനിയായ അദ്ധ്യാപികയ്ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ഒപ്പമുണ്ടായിരുന്ന വൈക്കം എം.എൽ.എ ക്വാറന്റൈനിൽ പ്രവേശിച്ചു. പരിപാടിയിൽ പങ്കെടുത്തവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ചേർത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ തലയോലപ്പറമ്പിലും ആശങ്ക ഉയർന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മുൻകരുതലിന്റെ ഭാഗമായി അടിയം താഴപ്പള്ളി റോഡ് അടച്ചു. ഈ പ്രദേശങ്ങളിൽ തലയോലപ്പറമ്പ് സി.ഐ ജെർലിൻ വി.സ്‌കറിയ, എസ്.ഐ പി.കെ സുധീർ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണങ്ങളാണ് പൊലീസ് ഉച്ചയോടെ ആരംഭിച്ചത്. നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുന്ന രീതിയിൽ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും തീരുമാനമുണ്ട്. വൈക്കത്തും ഇടയാഴം മേഖലയിലും സി.ഐ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് കരുതൽ പാലിക്കുന്നു.