മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ വനിതാ സംഘം വിധവയായ വീട്ടമ്മയ്‌ക്ക് വീട് നിർമ്മിച്ച് നൽകി. നേടിയോരം ചിലമ്പിക്കുന്നേൽ സാലി മോഹനനാണ് ഗുരു സാന്ത്വനം പദ്ധതിയിൽ വീട് നൽകിയത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്‌കരിച്ച ഗുരു സാന്ത്വനം പദ്ധതിയിൽ ഹൈറേഞ്ച് യൂണിയൻ നിർമ്മിച്ച പ്രഥമ ഭവനമാണിത്. നിർമാണപ്രവർത്തനങ്ങൾക്ക് യൂണിയൻ വനിതാ സംഘം സെക്രട്ടറി സിന്ധു മുരളീധരനാണ് നേതൃത്വം നൽകിയത്.
545000 രൂപ മുതൽ മുടക്കി ആറു മാസം കൊണ്ടാണ് നിമ്മാണം പൂർത്തിയായത്. 1,50,000 രൂപയോളം ശ്രമദാനമായി ലഭിച്ചു. ഭർത്താവ് അകാലത്തിൽ മരിച്ചതോടെ സാലിയും രണ്ടു പെൺമക്കളും അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞദിവസം കണിച്ചുകുളങ്ങരയിലെ വസതിയിൽ വച്ച് വെള്ളാപ്പള്ളി നടേശൻ സ്നേഹ വീടിന്റെ താക്കോൽ കൈമാറി.