പാലാ: പൊലീസുകാരന്റെ ഭാര്യയായ ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാലാ സ്‌റ്റേഷനിൽ ജോലി ചെയ്യുന്നവർ ആശങ്കയിൽ. വെള്ളിയാഴ്ച വൈകിട്ട് വരെ ഈ പൊലീസുകാരൻ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു താലൂക്കാശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി ചെയ്തശേഷം ഇവർ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സാധാരണ നിലയിലുള്ള പരിശോധനയ്ക്ക് വിധേയയായപ്പോഴാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആരോഗ്യ പ്രവർത്തകയെ മുട്ടമ്പലത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന്റേയും മറ്റ് കുടുംബാംഗങ്ങളുടേയും സ്രവ പരിശോധന നടത്തും. പൊലീസുകാരൻ അവധിയിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പാലാ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ് സഹപ്രവർത്തകന്റെ ഭാര്യയ്ക്ക് കൊവിഡ് പിടിപെട്ടുവെന്ന വാർത്ത. സംഭവത്തെത്തുടർന്ന് പാലാ സ്റ്റേഷനിലെ ജോലി പുനക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് അധികൃതർ അറിയിച്ചു. സ്റ്റേഷനും പരിസരവും ആരോഗ്യവകുപ്പിന്റെയും ഫയർ ഫോഴ്‌സിന്റേയും നേതൃത്വത്തിൽ ശുചീകരിക്കും.