card

കോട്ടയം: മണർകാട് ബ്ലേഡ് മാഫിയ സംഘത്തലവൻ നേതൃത്വം നൽകിയിരുന്ന ചീട്ടുകളി കളത്തിൽ ഒരു ദിവസം മറിഞ്ഞിരുന്നത് അരക്കോടി രൂപ. അവധി ദിവസങ്ങളിലും ചീട്ടുകളിക്കാൻ ആളുകൾ കൂടുതലായി എത്തുന്ന ദിവസങ്ങളിലും ഇത് ഒന്നരക്കോടി രൂപ വരെ എത്തിയിരുന്നതായും പൊലീസ് പറയുന്നു. ചീട്ടുകളിയ്‌ക്കു സ്ഥലം ഒരുക്കി നൽകിയ ബ്ലേഡ് മാഫിയ സംഘത്തലവന് എതിരെയും, ചീട്ടുകളിയ്‌ക്കു സംരക്ഷണം ഒരുക്കിയ ഗുണ്ടാ സംഘത്തിനെതിരെയും ഇതുവരെയും കേസെടുത്തിട്ടില്ല. മണർകാട് നാലു മണിക്കാറ്റിനു സമീപം ശനിയാഴ്‌ച രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ 18.33 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 43 പേരെ പിടികൂടിയിട്ടുണ്ട്.

ദിവസം അഞ്ചു ലക്ഷം

ചീട്ടുകളി കളത്തിൽ നിന്നും നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ തലവൻ ഒരു ദിവസം സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെ. ചീട്ടു മേശ ഇനത്തിൽ മാത്രമാണ് ഇയാൾ ഈ തുക സമ്പാദിക്കുന്നത്. പരിയിൽ, ഗുണ്ട്, മലത്ത്, കീച്ച് എന്നിങ്ങനെയാണ് കളി നടന്നിരുന്നത്. ഗുണ്ടിന് അരലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഒരാൾ കളത്തിൽ വയ്‌ക്കേണ്ടത്. ഏഴു മുതൽ ഒൻപത് പേർ വരെയാണ് ഗുണ്ട് കളിക്കാനായി ഇറങ്ങുക. അര മണിക്കൂർ കൂടുമ്പോൾ ചീട്ട് മാറി പുതിയ ചീട്ട് കൊണ്ടു വരും. ഇത്തരത്തിൽ ഒരു തവണ ചീട്ടുമാറുന്നതിന് 2000 രൂപയാണ് ബ്ലേഡ് മാഫിയ സംഘത്തലവന് ലഭിച്ചിരുന്നത്. ഇത്തരത്തിൽ ഒരു ചീട്ടുമേശയിൽ മാത്രം ദിവസം 14 തവണയെങ്കിലും ചീട്ടു മാറിയിരുന്നു. മണർകാട്ടെ കളത്തിൽ മാത്രം ഒരു ദിവസം ഏതാണ്ട് 30 സംഘങ്ങളാണ് ചീട്ടുകളിക്കുന്നതിനായി എത്തിയിരുന്നത്.

കളി രാത്രിയിൽ

സന്ധ്യാ സമയത്താണ് മണർകാട്ടെ കേന്ദ്രത്തിൽ ചീട്ടു കളി ആരംഭിക്കുന്നത്. പരിയിലാണ് ആരംഭം. ഏഴായിരം മുതൽ പതിനായിരം രൂപ വരെയാണ് പരിയിൽ എന്ന ചീട്ടുകളിയ്‌ക്കായി ഒരാൾ ഇടുക. രാത്രി പത്തു മണി മുതൽ ഗുണ്ടും, കീച്ചും, മലത്തും ആരംഭിക്കും. രാത്രി പത്തു മണിയ്‌ക്കു ശേഷം ഒരു ലക്ഷം രൂപയിൽ കുറഞ്ഞ കളി നടക്കാറില്ല.

ഒരു രാത്രിയ്‌ക്ക് പലിശ പതിനായിരം

ചീട്ടുകളി കളത്തിൽ കാശുപോയി നിൽക്കുന്നവർക്ക് പലിശയ്‌ക്കു പണം നൽകാനും മാഫിയ സംഘങ്ങളുണ്ട്. ഒരൊറ്റ രാത്രിയിലെ കളിയ്‌ക്കായി 90000 രൂപ കളിക്കാരന് ബ്ലേഡ് മാഫിയ സംഘം നൽകും. രാവിലെ കളി തീർന്ന് തിരികെ പോകും മുൻപ് ഒരു ലക്ഷം രൂപ തിരികെ നൽകണം. നഷ്‌ടം കൂടുംതോറും കളിക്കാർ വാങ്ങുന്ന ലക്ഷങ്ങളുടെ എണ്ണവും പലിശയും കൂടും. കാറും,വീടും, സ്വർണഭരണങ്ങളും മൊബൈൽ ഫോണുകളും പണയം വച്ചു കളിക്കുന്ന സംഘങ്ങളുമുണ്ട്.

അവധി ദിവസങ്ങളിൽ ഒന്നരക്കോടി രൂപ വരെ

ചീട്ടു മേശ ഒരുക്കുന്നത് ബ്ലേഡ് മാഫിയത്തലവൻ

ഇയാൾ സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെ

ചീട്ടുകളിയ്‌ക്കു സംരക്ഷണം ഗുണ്ടാ സംഘങ്ങൾ

ഇവർക്കെതിരെ കേസെ‌ടുക്കാതെ പൊലീസ്