കോട്ടയം: കല്യാണപാർട്ടികളും പാർട്ടി കമ്മിറ്റികളും കമ്പനി മീറ്റിംഗുകളും മറ്റ് ആഘോഷപരിപാടികളും ഇല്ലാതായതോടെ സ്റ്റാർ ഹോട്ടലുകൾ നക്ഷത്രമെണ്ണുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ ബുക്കിംഗുകൾ കൂടി ഏറ്റെടുക്കേണ്ടെന്നു തീരുമാനിച്ചതോടെ ഹോട്ടലുകളിലെ പാതിയിലേറെ മുറികളും അടഞ്ഞു കിടക്കുകയാണ്. ക്വാറന്റൈൻ കേന്ദ്രങ്ങളായ ഹോട്ടലുകളിൽ മാത്രമാണ് ബുക്കിംഗുള്ളത്.
കൊവിഡിനെ തുടർന്നു മാർച്ച് 24 മുതൽ അടഞ്ഞു കിടന്നിരുന്ന ഹോട്ടലുകൾ ജൂലായ് ആദ്യത്തോടെയാണ് സജീവമായി തുടങ്ങിയത്. ലോക്ക് ഡൗൺ സമയത്ത് ഈ ഹോട്ടലുകളിലെ ജീവനക്കാർക്ക് തൊഴിലില്ലായിരുന്നു. എന്നാൽ, കൊവിഡിനു ശേഷം ഹോട്ടലുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും ഇവിടത്തെ പാതിയിലേറെ ജീവനക്കാർക്കും സ്ഥിരം തൊഴിൽ നൽകാൻ സാധിക്കുന്നില്ല.
സംസ്ഥാനത്തിനു പുറത്തു നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന മലയാളികൾ അടക്കമുള്ളവരാണ് പ്രധാനമായും ഈ ഹോട്ടലുകളിൽ താമസിച്ചിരുന്നത്. കൂടുതലും ഓൺലൈൻ ബുക്കിംഗ്. എന്നാൽ, കൊവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഓൺലൈൻ ബുക്കിംഗ് അവസാനിപ്പിച്ചു. ഏതു സ്ഥലത്തു നിന്നു വരുന്നവരാണ്, കൊവിഡ് ബാധയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്.
ആഘോഷങ്ങളില്ല, ബുക്കിംഗും
കല്യാണ, ആഘോഷ പാർട്ടികളും യോഗങ്ങളുമായിരുന്നു ഹോട്ടലുകളുടെ പ്രധാന വരുമാന മാർഗം. കൊവിഡ് കാലത്തിനു ശേഷം വിവാഹങ്ങൾ പുനരാരംഭിച്ചെങ്കിലും ഹോട്ടലുകളിലേയ്‌ക്ക് പാർട്ടികൾ എത്തിത്തുടങ്ങിയിട്ടില്ല. ജില്ലയിലെ മിക്ക ഹോട്ടലുകളും ജീവനക്കാരെ രണ്ടു ഷിഫ്റ്റായാണ് നിയോഗിച്ചിരിക്കുന്നത്. പകുതി ജീവനക്കാർക്ക് 15 ദിവസമാണ് ജോലി നൽകുന്നത്. ഈ ഹോട്ടലുകളിലെ റെസ്റ്റൊറന്റുകളിൽ പാതി ആളുകൾക്കു മാത്രമാണ് ഭക്ഷണം കഴിക്കാൻ അവസരം . അതുകൊണ്ടു തന്നെ വരുമാനവും പകുതിയായി കുറഞ്ഞു.
ത്രീ സ്റ്റാർ ഹോട്ടൽ 80
ആകെ ജീവനക്കാർ 700