keralapidemic

കോട്ടയം: ജില്ലയിൽ സമ്പർക്കം മുഖേന ഏഴു പേർക്കു കൂടി കൊവിഡ് ബാധിച്ചു. പത്തനംതിട്ടയിൽ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതിൽ അഞ്ചു പേർ. ഇവർ ഉൾപ്പെടെ ജില്ലയിൽ 12 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ പത്തനംതിട്ട സ്വദേശിയാണ്.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ (33),മകൻ (4), സഹോദരൻ (34), ഭാര്യാമാതാവ് (65), ഭാര്യാസഹോദരൻ (38) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റിവായത്. ഭാര്യയും മകനും സഹോദരനും മണർകാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാലുപേർക്ക് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി (25)യുടെ പരിശോധനാ ഫലവും പോസിറ്റീവായി. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരിക്കും (34) വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.


രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ

1. അബുദാബിയിൽനിന്നും ജൂൺ 29ന് എത്തി നാലുകോടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി മടുക്കുംമൂട് സ്വദേശി (42).

2. കുവൈറ്റിൽനിന്നും ജൂലായ് ഒന്നിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി (38).

3. മുംബയിൽനിന്ന് ട്രെയിനിൽ ജൂലായ് ഒന്നിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (45). യു.കെയിൽനിന്ന് ജൂൺ 23ന് മുംബയിൽ എത്തിയശേഷം ഏഴു ദിവസം അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. മുംബയിൽ നടത്തിയ സാമ്പിൾ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു.

4. ചെന്നൈയിൽനിന്ന് ജൂലായ് 10ന് ബസിൽ എത്തി മാടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പുറം സ്വദേശി (48).

5. ഉത്തർപ്രദേശിൽനിന്നും ജൂൺ 25ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശി (35). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഒപ്പം യാത്ര ചെയ്ത് എത്തിയ ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.


നിലവിൽ ജില്ലയിൽ

രോഗബാധിതർ

145

(328 പേർക്ക്

ബാധിച്ചു.

183 രോഗമുക്തരായി)