അടിമാലി: തോക്കുപാറ സൗഹൃദഗിരി നിവാസികൾക്ക് മറുകരെയെത്തണമെങ്കിൽ പുതിയ പാലം വേണം. 2018 കാലവർഷത്തിൽ തകർന്ന പാലം പുനർ നിർമ്മിക്കാൻ പള്ളിവാസൽ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുതിയ പാലം നിർമ്മിക്കുന്നതിനായി എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷവും പ്രളയ പുനർനിർമ്മാണ ഫണ്ടിൽ നിന്ന് 5 ലക്ഷവും ഉൾപ്പെടെ 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഫണ്ട് ഇല്ലാതാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. പ്രസിഡന്റും കോൺഗ്രസിലെ തന്നെ സമീപ വാർഡ് അംഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പണി ആരംഭിക്കാൻ കഴിയാത്തതിന്റെ പിന്നിലുള്ളത്. മുപ്പതോളം കുടുംബങ്ങളെയാണ് ഇവർ ഒറ്റപ്പെടുത്തുന്നത്. താത്ക്കാലിക പാലം ഏത് നിമിഷവും താഴെ പതിക്കാവുന്ന അവസ്ഥയിലാണ്. കുട്ടികളടക്കമുള്ളവർക്ക് പരസഹായമില്ലാതെ പാലം കടക്കാൻ കഴിയില്ല. ഈ താത്കാലിക പാലം കൂടി തകർന്നാൽ പ്രദേശത്തെ ജനങ്ങൾ ആകെ ദുരിതത്തിലാകുന്ന അവസ്ഥയിലാണ്. അടിയന്തരമായി പാലം നിർമ്മാണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.