rail

കൊല്ലാട് : അതിവേഗ റെയിൽവേലൈൻ പൂർണമായും ജനവാസ കേന്ദ്രം വഴിയാണ് കടന്നു പോകുന്നതെന്നും അലൈൻമെന്റ് മാറ്റണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജനവാസ കേന്ദ്രം ഒഴിവാക്കി ഇന്ത്യൻ റെയിൽവേ ഏൽപ്പിച്ചിരുന്നു. റെയിൽവേയുടെ സഹകരണത്തോടെ പദ്ധതിയുമായി മുന്നോട്ട് പോയി. റെയിൽവേയുമായി മൂന്ന് ചർച്ചകളും നടത്തി. എന്നാൽ എൽ.ഡി.എഫ് ഗവൺമെന്റ് അന്നത്തെ റെയിൽവേയെ പൂർണമായി ഒഴിവാക്കി സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോയാൽ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു. കൊല്ലാട്ട് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാക്യഷ്‌ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ് , ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ് , ബാബു കെ കോര ,ബോബി ഏലിയാസ്, എസ്.രാജീവ് ,ബിജു എസ് കുമാർ ,തമ്പാൻ കുര്യൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് 5 ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി നാരങ്ങ നീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു.