കോട്ടയം : നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാൻ നിർമ്മിച്ച ഈരയിൽക്കടവ് - പാറേച്ചാൽ ബൈപ്പാസിൽ മാലിന്യം തള്ളൽ തുടർക്കഥയാകുന്നു. എം.സി റോഡിൽ നാട്ടകം സിമന്റ് കവല ജംഗ്ഷനിൽ നിന്ന് കുമരകം ഭാഗത്തേയ്‌ക്ക് എളുപ്പത്തിൽ പോകാൻ സാധിക്കുന്ന റോഡാണ് പാറേച്ചാലിലേത്. സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും, വിവാഹസംഘങ്ങൾ ഫോട്ടോ ഷൂട്ടിനായും എത്തിയതോടെ റോഡിൽ തിരക്കേറിയിരുന്നു. ഇവിടെയാണ് വൻതോതിൽ മാലിന്യം തള്ളുന്നത്. ഇറച്ചിക്കോഴി മാലിന്യം മുതൽ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ വരെയുണ്ട്. ദുർഗന്ധം കാരണം ഇതുവഴി നടക്കാനാകില്ല.
മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടി, തെരുവുനായ്ക്കളും എത്തിയതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും പേടി സ്വപ്നമായി റോഡ് മാറി. ഭാരവാഹനങ്ങൾക്കടയിൽപ്പെട്ട് നായ്‌ക്കൾ ചാകുന്നതും പതിവ് കാഴ്‌ചയാണ്.
പാടത്തും തള്ളും
ഏതാനും ആഴ്ചകൾക്കുള്ളിൽ വിത്തെറിയേണ്ട പാടത്തേയ്ക്കാണ് മാലിന്യമെറിയുന്നത്. സമാനമായ പ്രശ്നം ഈരയിൽക്കടവ് റോഡിലുമുണ്ട്. പാറേച്ചാൽ ബൈപ്പാസിൽ ഇരുവശത്തും കൃഷിയുണ്ടായിട്ടും മാലിന്യം തള്ളുകയാണ്. ഈരയിൽക്കടവിൽ ഒരിടത്തു മാത്രമാണ് കൃഷിയുള്ളത്. ബാക്കിയുള്ള സ്ഥലം നിറയെ മാലിന്യം നിറഞ്ഞിരിക്കുകയാണ്.
കാമറ കണ്ണുകൾ വരുമോ
ബൈപ്പാസുകളിൽ സി.സി.ടി.വി. കാമറ സ്ഥാപിച്ചും കുടുതൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും മാലിന്യ പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസിന്റെ രാത്രികാല പരിശോധനയും കാര്യക്ഷമമാക്കണം. ഈരയിൽക്കടവ് റോഡിൽ തെരുവ് വിളക്കകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്തിയില്ല.