kwa

തൊടുപുഴ: അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ രണ്ട് വർഷം വെള്ളം ഉപയോഗിച്ചതിന് വാട്ടർ അതോറിട്ടി നൽകിയ ബിൽ തുക 3.60 ലക്ഷം രൂപ. പുതുപ്പറമ്പിൽ ഫ്രാൻസിസ് ജോസഫിന്റെയും ഭാര്യ മാഗി ജോർജിന്റെയും വീട്ടിലാണ് കഴിഞ്ഞ മാസം 3,60,479 രൂപയുടെ ബിൽ ലഭിച്ചത്. 2018 ഫെബ്രുവരി വരെ ഒരു വർഷത്തെ ബിൽ മുൻകൂറായി അടച്ചിരുന്നത് മിനിമം തുക ആയ 240 രൂപയാണെന്ന് ഇവർ പറയുന്നു. എന്നാൽ 2018 ആഗസ്റ്റിൽ ഇവർക്ക് 709 കിലോ ലീറ്റർ വെള്ളം ഉപയോഗിച്ചതായി കാട്ടി 76,995 രൂപയുടെ ബിൽ ലഭിച്ചു. ഇതോടെ പരാതിയുമായി മൂവാറ്റുപുഴയിലെ സൂപ്രണ്ടിംഗ് എൻജിനീയറെ സമീപിച്ചു. എൻജിനീയർ എത്തി പരിശോധിച്ച ശേഷം ഇത് തെറ്റായി ബില്ലാണെന്നും മീറ്റർ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. അടുത്ത ബിൽ ലഭിക്കുമ്പോൾ പണം അടച്ചാൽ മതിയെന്നും പറഞ്ഞു. എന്നാൽ അടുത്ത ഒക്ടോബറിൽ 1,02, 759 രൂപയായി വർദ്ധിച്ച ബില്ലാണ് നൽകിയത്. വീണ്ടും പരാതിയുമായി ഇവർ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറിൽ 2,57,393 രൂപയായി ബിൽ തുക വർദ്ധിച്ചു. വീണ്ടും പരാതി നൽകിയപ്പോൾ കഴിഞ്ഞ മാർച്ച് 19ന് അദാലത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ലോക് ഡൗൺ വന്നതിനെ തുടർന്ന് അദാലത്ത് മാറ്റി. പിന്നീട് ജൂൺ 16ന് വീണ്ടും 3,60,479 രൂപയുടെ ബില്ലയച്ച് വാട്ടർ അതോറിട്ടി പക തുടരുകയാണ്.