ksrtc

കോട്ടയം: യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബസ് ഓൺ ഡിമാൻഡ് പദ്ധതിയോട് ജില്ലയിൽ തണുപ്പൻ പ്രതികരണം. ക്രമീകരിച്ചിരിക്കുന്ന റൂട്ടിലേയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം തീരെക്കുറവായതിനാൽ കാത്തിരിക്കാനാണ് വകുപ്പിന്റെ തീരുമാനം.

ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അവരുടെ സമയക്രമത്തിന് ബസ് സർവീസ് നടത്തുന്നതാണ് പദ്ധതി. സർക്കാർ ജീവനക്കാർ, വിവിധ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജോലിക്കാർ തുടങ്ങിയവർക്ക് സ്‌കൂൾ ബസ് മാതൃകയിലാണ് സർവീസ്. ഈ ആഴ്ച മുതൽ സർവീസ് നടത്താമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ആവശ്യത്തിന് യാത്രക്കാരില്ല. ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞതോടെ ബൈക്ക്,​ കാർ യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിലേയ്ക്ക് ആകർഷിക്കാനുള്ള പദ്ധതി തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിൽ മികച്ച വിജയമായിരുന്നു.

യാത്രക്കാർ ആവശ്യപ്പെടുന്നതും കളക്ഷൻ ലഭിക്കുന്നതുമായ റൂട്ടിൽ സർവീസുകൾ ആരംഭിക്കാനാണ് നിർദേശം. വേണ്ടവർക്ക് അതതു ഡിപ്പോകളിൽ വിളിച്ച് ബുക്ക് ചെയ്യാം. എവിടെനിന്നു കയറുമെന്നും എവിടേക്കാണ് യാത്രയെന്നും എത്ര പേരുണ്ടാകുമെന്നും മുൻകൂട്ടി അറിയിക്കണം. തിരിച്ചുള്ള യാത്രയ്ക്കും സർവീസ് നടത്തും. യാത്രക്കാരുടെ ബൈക്ക്, കാർ തുടങ്ങിയവ ഡിപ്പോകളിൽ പാർക്ക് ചെയ്യാനും സംവിധാനം ഒരുക്കും.

 ജില്ലയിലെ സ‌ർവീസുകൾ

കോട്ടയത്ത് നിന്ന് തിരുവല്ല, കോട്ടയം- വൈക്കം വഴി എറണാകുളം, കോട്ടയം- കുമളി. പാലായിൽനിന്ന് കോട്ടയം, വൈക്കം, മുണ്ടക്കയം, തൊടുപുഴ, എറണാകുളം. ഈരാറ്റുപേട്ടയിൽ നിന്ന് കോട്ടയത്തേക്കും വാഗമണിലേക്കും. വൈക്കത്തുനിന്ന് തൊടുപുഴ എറണാകുളം എന്നിവിടങ്ങളിലേക്കും ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴയിലേക്കും പൊൻകുന്നം, എരുമേലി ഡിപ്പോകളിൽനിന്ന് കോട്ടയത്തേക്കും റാന്നി, പുനലൂർ എന്നിവിടങ്ങളിലേക്കും സർവീസ് നിശ്ചയിച്ചിട്ടുണ്ട്.

 രജിസ്റ്റർ ചെയ്തത് 8 പേർ

പല റൂട്ടുകളിലും ഒരാൾപ്പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കോട്ടയം ഡിപ്പോയിൽ ആകെ രജിസ്റ്റർ ചെയ്തതാവട്ടെ 8 പേർ. മിനിമം 40 പേ‌‌രില്ലാതെ സർവീസ് നടത്താൻ കഴിയില്ല

'' ആവശ്യത്തിന് യാത്രക്കാരുണ്ടെങ്കിൽ മാത്രമേ സർവീസ് പദ്ധതി തുടങ്ങാനാവൂ. സമൂഹവാപനമെന്ന പ്രചരണം സർവീസുകളെ ബാധിക്കുന്നുണ്ട്''

ഡി.ടി.ഒ, കോട്ടയം