വൈക്കം : വാട്ടർഅതോറിറ്റിയുടെ ഉടമസ്ഥതയിൽ അയ്യർകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് വാട്ടർ ടാങ്കും ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ത്വരിതപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. 10 എം.എൽ.ഡിയിൽ താഴെ ശുദ്ധജലമാണ് നിലവിൽ ജലഅതോറിട്ടി വൈക്കം സബ് ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. വൈക്കം നഗരസഭ ഒഴിച്ചുള്ള 7 പഞ്ചായത്തുകളായ ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ, തലയാഴം, ടി.വി.പുരം, ഉദയനാപുരം എന്നീ സ്ഥലങ്ങളിൽ ജല സംഭരണികളും ജലവിതരണ കുഴലുകളും സ്ഥാപിച്ചു.
വെച്ചൂർ പഞ്ചായത്ത് വേരുവള്ളിയിൽ 4 ലക്ഷം ലിറ്ററിന്റേയും തലയാഴം പഞ്ചായത്ത് തലയാഴത്ത് 4 ലക്ഷം ലിറ്ററിന്റേയും ടി.വി.പുരം പഞ്ചായത്തിൽ പറക്കാട്ട്കുളത്ത് 1 ലക്ഷം ലിറ്റർ, ചേരിയ്ക്കൽ 4 ലക്ഷം ലിറ്റർ, മൂത്തേടത്തുകാവ് 1 ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള മൂന്നു സംഭരണികളും നിർമ്മിച്ചിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിൽ തുറുവേലിക്കുന്നിൽ 4 ലക്ഷം ലിറ്ററിന്റെ പുതിയ സംഭരണിയുണ്ട്. മറവൻതുരുത്ത് പഞ്ചായത്ത് ടോൾ ജംഗ്ഷനിൽ 4 ലക്ഷം ലിറ്ററിന്റേയും കൂട്ടുമ്മേൽ 2 ലക്ഷം ലിറ്ററിന്റേയും, തലയോലപ്പറമ്പ് പഞ്ചായത്തിൽ ഡി.ബി.കോളേജിൽ 10 ലക്ഷം ലിറ്ററിന്റേയും ചെമ്പ് പഞ്ചായത്ത് ബ്രഹ്മമംഗലത്ത് 4 ലക്ഷം ലിറ്ററിന്റേയും സംഭരണികളുണ്ട്. ഇവിടേക്കെല്ലാം പുതിയ ജലവിതരണക്കുഴലുകളും ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിംഗ് ലൈനുകളും സഥാപിച്ചിട്ടുണ്ട്.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ
വൈക്കം നഗരസഭ പ്രദേശത്ത് വാട്ടർഅതോറിട്ടി സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന 40 വർഷം പഴക്കം ചെന്ന ഉപരിതല ജലസംഭരണിയ്ക്ക് 2 ലക്ഷം ലിറ്റർ സംഭരണിശേഷി മാത്രേമേയുള്ളൂ. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ടാങ്ക് ഉപയോഗിക്കാൻ കഴിയാതെ വന്നാൽ നഗരസഭാ പ്രദേശത്തെ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടാകും. അയ്യർകുളങ്ങരയിൽ വർഷങ്ങൾക്ക് മുൻപ് ഐ.എച്ച്.ഡി.ഇയ്ക്ക് കൈമാറി നൽകിയ സ്ഥലത്ത് ലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനാണ് നഗരസഭയുടെ പദ്ധതി. നഗരസഭയുടെ അധീനതയിൽ ഉദയനാപുരം പഞ്ചായത്തിൽ വല്ലകം സബ്സ്റ്റേഷന് പുറകുവശത്തായി വെറുതെ കിടക്കുന്ന 96 സെന്റ് സ്ഥലത്ത് ഫ്ലാറ്റ് പദ്ധതി നടപ്പിലാക്കാനാവും. അയ്യർകുളങ്ങരയിലെ സ്ഥലത്ത് 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്കും , വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റും സ്ഥാപിച്ചാൽ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.
നടപടി സ്വീകരിക്കണം
അയ്യർകുളങ്ങരയിൽ ഓവർഹെഡ് ടാങ്കും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുംസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (ട്രാക്ക്) ഭാരവാഹികളായ പി.ശിവരാമകൃഷ്ണൻ നായർ, എം.അബു, എ.ബാബു, കെ.ആർ.രാജൻ കൊല്ലേരിൽ എന്നിവർ ആവശ്യപ്പെട്ടു.