വൈക്കം : ഒരു കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ ഉറച്ച് വൈക്കം നഗരസഭ. ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് മാടവന സ്വദേശിയായ യുവാവിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ മത്സ്യസംസ്കരണ ശാലയിൽ ജീവനക്കാരനായ ഇയാൾക്ക് അവിടെ നിന്നാണ് രോഗം പകർന്നത്. 9 ന് രാവിലെ 8 നും 9 നും ഇടയിൽ ഇയാൾ താലൂക്ക് ആശുപത്രി ഒ.പിയിലെത്തിയിരുന്നു. തുടർന്ന് രണ്ട് ഡോക്ടർമാരും നാല് ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലായി. നഗരസഭ 25-ാം വാർഡിലുള്ള ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ വൈക്കത്തേക്ക് വരാതെ ക്വാറെന്റെൻ സെന്ററിൽ തുടരുകയായിരുന്നു.


ആശുപത്രി സന്ദർശിച്ചവർ അറിയിക്കണം

9 ന് രാവിലെ 8 നും 9 നും ഇടയിൽ താലൂക്ക് ആശുപത്രി ഒ.പി സന്ദർശിച്ചവർ നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ ബിജു.വി.കണ്ണേഴത്ത് പറഞ്ഞു. കരുതൽ നടപടികളുടെ ഭാഗമായാണ് ഇത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കടകൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ

സമീപ പഞ്ചായത്തുകളിലും ചേർത്തലയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരസഭ തീരുമാനിച്ചു. കടകൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. കഴിയുന്നതും ഉപഭോക്താക്കളെ കടയ്ക്ക് പുറത്ത് നിറുത്തി സാധനങ്ങൾ നൽകണം. പുറത്ത് നിൽക്കുന്നവർ സാമൂഹ്യഅകലം പാലിക്കണം. വസ്ത്ര വ്യാപാര ശാലകൾ, ആഭരണ ശാലകൾ തുടങ്ങി ആളുകളെ അകത്ത് പ്രവേശിപ്പിക്കേണ്ട സ്ഥാപനങ്ങൾ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ അകത്ത് കടത്തിവിടാൻ പാടില്ല. ഹോട്ടലുകൾ രാവിലെ 7 മുതൽ 8 വരെ പ്രവർത്തിക്കും.

വഴിയോര കച്ചവടം നിരോധിച്ചു

വഴിയോര കച്ചവടങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങൾ ബ്രേക്ക് ദി ചെയിൻ ഡയറി സൂക്ഷിക്കണം. സന്ദർശകരുടെ പേര് വിവരങ്ങളും ഫോൺ നമ്പരുകളും രേഖപ്പെടുത്തണം. പൊതുജനങ്ങൾക്കും ബ്രേക്ക് ദി ചെയിൻ ഡയറികൾ നൽകും. ഇതിൽ പോകുന്ന സ്ഥലങ്ങൾ അടക്കമുള്ള സമ്പർക്ക വിവരങ്ങൾ സൂക്ഷിക്കണം. ദിവസവും നഗരസഭാ പ്രദേശത്ത് നഗരസഭയും വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.