കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദ് ചെയ്ത കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ഫ്രാങ്കോ ഈ മാസം ഒന്നിന് കേസ് പരിഗണിച്ചപ്പോൾ കണ്ടെയ്ൻമെന്റ് സോണിലാണെന്നായിരുന്നു അഭിഭാഷകൻ ജില്ല അഡിഷണൽ സെഷൻസ് കോടതിയെ അറിയിച്ചത്. വിചാരണയ്ക്ക് ഹാജരാകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും, അതിന് മുന്നോടിയായി ഫ്രാങ്കോ നിയമോപദേശം തേടാനായി സമീപിച്ച അഡ്വ. മന്ദീപ് സിംഗ് സച്ചേ ദേവിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം ലഭിച്ചതിനാലാണ് ഹാജരാകാതിരുന്നതെന്നും പ്രതിഭാഗം ഇന്നലെ കോടതിയെ അറിയിച്ചു. എന്നാൽ ഫ്രാങ്കോ താമസിക്കുന്ന ബിഷപ്പ് ഹൗസ് ഉൾപ്പെടുന്ന ജലന്ധർ സിവിൽ ലൈൻ മേഖല കണ്ടെയ്ൻമെന്റ്‌സോൺ അല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച് മനഃപൂർവം കേസ് നീട്ടാനുള്ള ശ്രമമാണെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബു കോടതിയെ ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് ജാമ്യം റദ്ദ് ചെയ്ത് അടുത്ത 13 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയത്. ജാമ്യക്കാർക്കെതിരെ പ്രത്യേക കേസെടുത്ത് ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും അഡി.ജില്ലാ ജഡ്ജി ജി.ഗോപകുമാർ ഉത്തരവിട്ടു.