കോട്ടയം: നൂറ്റാണ്ടുകൾ പഴക്കമുള്ള സംക്രാന്തി, പാക്കിൽ വാണിഭം ചരിത്രത്തിൽ ആദ്യമായി ഈ വർഷമുണ്ടാകില്ല. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സാമൂഹ്യ വ്യാപന സാഹചര്യം കണക്കിലെടുത്താണ് ഇരു വാണിഭവും ഉപേക്ഷിച്ചത്.
മിഥുനമാസത്തിലെ അവസാന ദിവസമായ നാളെയാണ് സംക്രാന്തി കവലയിലെ അയ്യപ്പക്ഷേത്രത്തിന് സമീപത്ത റോഡിൽ സംക്രാന്തി വാണിഭം നടക്കേണ്ടിയിരുന്നത്. ഒരു ദിവസം മാത്രം നടക്കുന്ന സംക്രാന്തി വാണിഭത്തിൽ കേരളപഴമയും കൃഷിയുമായും ബന്ധപ്പെട്ട സാധനങ്ങൾ ലഭിക്കുമായിരുന്നു. ഈറയും മുളയും കൊണ്ട് നിർമിച്ച കുട്ട, മുറം, പനമ്പ്, കൈതയോലയിൽ തീർത്ത പായ, നെല്ല് ഉണക്കുന്ന ചിക്കു പായ തുടങ്ങിയവയും കൃഷി ഉപകരണങ്ങളും നടീൽ വസ്തുക്കളുമെല്ലാം ലഭിക്കുമായിരുന്നു.
സംക്രാന്തി വാണിഭത്തിന് പിറ്റേന്ന് കർക്കടക പിറവിക്ക് ആരംഭിച്ചിരുന്ന പാക്കിൽ വാണിഭം മദ്ധ്യകേരളത്തിലെ പ്രധാന വാണിഭങ്ങളിലൊന്നാണ്. പാക്കിൽ അയ്യപ്പ ക്ഷേത്രമൈതാനത്ത് നടക്കുന്ന വാണിഭത്തിൽ പാക്കനാർ പണ്ട് മുറം വിൽക്കാനെത്തിയ ഐതീഹ്യത്തിന്റെ ഓർമ പുതുക്കി കുട്ടയും മുറവും പായും ലഭിക്കുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഉരൽ, ഉലക്ക, ആട്ട് കല്ല് ,അരകല്ല് , നെൽപറ, നാഴി, തൈരുകടയുന്ന മത്ത് തുടങ്ങിയവയും മൺകലം, കുടം, ചട്ടികൾ, കൂജ തുടങ്ങി വ്യത്യസ്ത മൺപാത്രങ്ങളും വിൽപ്പനക്കെത്തുമായിരുന്നു.
മീൻകറി വെക്കാൻ ഉപയോഗിക്കുന്ന എണ്ണയിട്ടു മിനുക്കിയ നാടൻ കുടംപുളി ലഭിച്ചിരുന്ന പ്രധാന വിപണിയായിരുന്നു പാക്കിൽ. കേടാകാത്തതിനാൽ വീട്ടമ്മമാർ അടുത്ത വർഷത്തെ വാണിഭം വരെയുള്ള കുടം പുളി വാങ്ങി സ്റ്റോക്ക് ചെയ്യുകയായിരുന്നു പതിവ്.
കസേര, മേശ,സ്റ്റൂൾ, കട്ടിൽ, ഡൈനിംഗ് ടേബിൾ, തുണിയിട്ട ചാരുകസേര, തുടങ്ങി തടി കൊണ്ടുള്ള ഫർണീച്ചറുകളുടെ വൻവിൽപ്പനയും പാക്കിൽ നടന്നിരുന്നു.
ഒരു മാസത്തിലേറെ മേള നീളുന്നതിനാൽ പാക്കിലും പരിസര പ്രദേശവും ബിസിനസ് കേന്ദ്രമായി മാറും. താത്ക്കാലിക ചായക്കടയും കുപ്പിവളയും റിബണും കൺമഷിയും ചാന്തു പൊട്ടുമെല്ലാം ലഭിച്ചിരുന്ന ചിന്തിക്കടയുമെല്ലാമായി നാടിന് ഉത്സവാന്തരീക്ഷമായിരുന്നു പാക്കിൽ വാണിഭം പകർന്നിരുന്നത്. ഇവിടെ നിന്ന് വിവാഹം കഴിച്ചയച്ച സ്ത്രീകൾ വാണിഭം ആഘോഷമാക്കാൻ വീട്ടിൽ എത്തുമായിരുന്നു .അതെല്ലാം കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഈ വർഷം ഓർമയാവുകയാണ് .