അടിമാലി: രണ്ട് വട്ടം ഒലിച്ച്പോയ പാലം ഇനിയും പുനർനിർമ്മിച്ചില്ല.മാങ്കുളത്തെ ആദിവാസി മേഖലയായ പാറക്കുടിയിലേക്കുള്ള പാലം തകർന്നിട്ട് രണ്ട് വർഷത്തോടടുക്കുകയാണ്.തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ച് യാത്രാക്ലേശമകറ്റാൻ ഇനിയും നടപടിയുണ്ടായിട്ടില്ല.കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റപ്പാലം നിർമ്മിച്ചാണ് കുടുംബങ്ങൾ യാത്ര നടത്തി വരുന്നത്.2018ലെ പ്രളയത്തിലായിരുന്നു നല്ലതണ്ണിയാറിന് കുറുകെ പാറക്കുടിയിലേക്കുണ്ടായിരുന്ന പാലത്തിന് കേടുപാടുകൾ സംഭവിച്ചത്.ഒലിച്ച് പോയ ഭാഗത്ത് വേനൽക്കാലത്ത് താൽക്കാലിക സംവിധാനമൊരുക്കി ആദിവാസി കുടുംബങ്ങൾ യാത്ര നടത്തിപ്പോന്നു.എന്നാൽ 2019ലുണ്ടായ കാലവർഷക്കെടുതിയിൽ പാലം പൂർണ്ണമായി ഒലിച്ചു പോയി.ഇതോടെ മാങ്കുളമുൾപ്പെടെയുള്ള പ്രദേശത്തേക്കെത്താൻ ആദിവാസി കുടുംബങ്ങൾക്ക് യാത്രാ മാർഗ്ഗമില്ലാതായി പാലം പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും വേനൽക്കാലമവസാനിച്ച് അടുത്ത മഴക്കാലമെത്തിയിട്ടും പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല.
കാലവർഷം കനക്കുന്നതോടെ ഗോത്രമേഖയേയും ജനവാസമേഖയേയും തമ്മിൽ വേർതിരിക്കുന്ന പുഴയിൽ ഒഴുക്ക് ശക്തമാകും.പിന്നെ ആദിവാസികുടുംബങ്ങൾക്ക് അക്കരെയിക്കരെയെത്തുക ഏറെ പ്രയാസകരമാണ്.
താൽക്കാലിക പാലവും കടന്ന്
ഉറപ്പുകൾ കേട്ടിരുന്നാൽ തങ്ങളുടെ യാത്ര മുടങ്ങുമെന്നുറപ്പുള്ള ആദിവാസി ജനവിഭാഗം താൽക്കാലിക പോംവഴി കണ്ടു. കാട്ടാറിന് കുറുകെ തടിയിട്ട് കമ്പികൾ കൊണ്ട് ബന്ധിച്ച് ഈറ്റ പാകി ഒരു താൽക്കാലിക നടപ്പാലം തിർത്തു.മഴക്കാലത്ത് കുതിച്ചൊഴുകുന്ന പുഴക്ക് കുറുകെ ജീവനും കൈയ്യിൽപിടിച്ച് നൂൽപ്പാലത്തിലൂടെ വേണം ഇരുപത്തഞ്ചോളം വരുന്ന ആദിവാസി കുടുംബങ്ങൾ അക്കരെയിക്കരെയെത്താൻ.ജീവൻപ്പണയപ്പെടുത്തിയുള്ള യാത്രക്ക് താൽപര്യമില്ലെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ സാഹസിക യാത്രകൂടിയെ മതിയാകു
.