അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ പ്രധാനറോഡുകളിൽ ഒന്നായ കല്ലാർകുട്ടി മാവിൻ ചുവട് സ്വപ്നാസിറ്റി അഞ്ചാംമൈൽ റോഡിൽ പുതിയതായി ടാറിംഗ് നടത്തിയ ഭാഗം പൊളിഞ്ഞ് തുടങ്ങിയതായി നാട്ടുകാരുടെ പരാതി.കഴിഞ്ഞമാസത്തിലായിരുന്നു മാവിൻചുവട് മുതൽ സ്വപ്നാസിറ്റി വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം ടാറിംഗ് നടത്തിയത്.എന്നാൽ ദിവസങ്ങൾ പിന്നിടും മുമ്പെ പാതയുടെ പല ഭാഗത്തും ടാർ ഇളകി തുടങ്ങിയതായാണ് നാട്ടുകാരുടെ പരാതി.റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്‌നത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ടാറിംഗ് ജോലികൾക്ക് മുമ്പ് നടത്തേണ്ടുന്ന റോഡ് പരുവപ്പെടുത്തൽ കൃത്യമായി നടത്തിയില്ലെന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്.ചില ഭാഗത്ത് കയറ്റം കുറക്കാത്തതിനാൽ ഓട്ടോറിക്ഷകളും മറ്റും യാത്രക്കാരെ ഇറക്കി കയറ്റേണ്ട സാഹചര്യം നിലനിൽക്കുന്നു.അശാസ്ത്രീയ നിർമ്മാണമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.