പാലാ : നഗരസഭയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാലായിൽ അതീവജാഗ്രത. നഗരസഭ റവന്യൂവിഭാഗം ജീവനക്കാരനായ 28 കാരനാണ് പരിശോധനാ ഫലം പോസിറ്റീവായിരിക്കുന്നത്. കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. ഉറവിടം അറിയാത്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് മുതൽ തലവേദന അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം അവധിയെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു.

ശനിയാഴ്ച പാലാ ജനറൽ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ സ്രവം പരിശോധനയ്ക്ക് നൽകുകയായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുലർച്ചെയാണ് ലഭിച്ചത്. തുടർന്ന് യുവാവിനോട് ഒറ്റയ്ക്ക് കഴിയാനുള്ള നിർദ്ദേശം നൽകി. വൈകിട്ടോടെയാണ് ഇദ്ദേഹത്തെ കോട്ടയത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

പാലാ നഗരസഭയുടെ കീഴിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിന്റെ ടെലികാൾ ചുമതല ഇദ്ദേഹത്തിനായിരുന്നു. പക്ഷേ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പോയിട്ടില്ല. ബസിലാണ് യുവാവ് ദിവസേന കോട്ടയം ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്.

പൊതുജനങ്ങൾക്ക് വിലക്ക്

നഗരസഭാ കാര്യാലയവും പരിസരപ്രദേശവും അടച്ചു. ആരോഗ്യവകുപ്പും ഫയർഫോഴ്‌സും ചേർന്ന് നഗരസഭാ കാര്യാലയം രണ്ട് തവണ ശുചീകരിച്ചു. അടുത്ത ഒരാഴ്ചത്തേക്ക് പൊതുജനങ്ങൾ നഗരസഭാ കാര്യാലയത്തിൽ എത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു. യുവാവിന്റെ പ്രാഥമിക സമ്പർക്കപട്ടികയിൽ നൂറോളം പേരുണ്ടെന്നാണ് സൂചന. നഗരസഭാ ജീവനക്കാരും കൗൺസിലർമാരും ഇതിലുൾപ്പെടും. അടുത്തിടപഴകിയ 5 ജീവനക്കാർ ക്വാറന്റൈനിൽ പോകുന്നത് സംബന്ധിച്ച് ഇന്ന് ആരോഗ്യവകുപ്പ് തിരുമാനമെടുക്കും. ഒരാഴ്ചയ്ക്കുള്ളിൽ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനിടയിൽ രോഗലക്ഷണം കണ്ടാൽ സ്രവപരിശോധനക്ക് വിധേയരാകണമെന്നും നഗരസഭയുമായി ബന്ധപ്പെട്ടവർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നഗരസഭയിലെത്തിയവർ ശ്രദ്ധിക്കുക

കഴിഞ്ഞ ഒരാഴ്ച നഗരസഭയിലെത്തിയവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പനി, ജലദോഷം, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സാമൂഹ്യഅകലം പാലിക്കാത്തവർക്കെതിരെയും മാസ്‌ക് ധരിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി കെ. ബൈജുകുമാർ അറിയിച്ചു.