പള്ളിക്കത്തോട് : ഗ്രാമപഞ്ചായത്ത് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഇരുനില മന്ദിരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. കെട്ടിടത്തിന്റെ മുകൾ നിലയിൽ കെ.എസ്.ഇ.ബി ഓഫീസ്,പഞ്ചായത്ത് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. മേൽക്കൂരയുടെ കോൺക്രീറ്റ് പാളികൾ ഭാഗികമായി അടർന്നു വീഴുകയാണ്. 1983 ലാണ് കെട്ടിടം നിർമ്മിച്ചത്. റേഷൻകടയും, മൃഗാശുപത്രിയുമടക്കമുള്ള സ്ഥാപനങ്ങൾ സമീപത്ത് പ്രവർത്തിക്കുന്നതിനാൽ പ്രദേശത്ത് എപ്പോഴും തിരക്കാണ്.
പദ്ധതി തയ്യാർ, അനുമതിയില്ല
ജീർണ്ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി 40 ലക്ഷം രൂപ മുടക്കി പുതിയ മന്ദിരം പണിയുന്നതിനായി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് രണ്ടുവർഷം മുൻപ് നടപടികൾ തുടങ്ങിയതാണ്. സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും, ബ്ലോക്ക്പഞ്ചായത്തിന്റെ 5 ലക്ഷം, ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
നിർമ്മാണപ്രവർത്തനങ്ങൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറുകാരനെ പണി ഏൽപ്പിച്ചതാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതി ഇപ്പോഴും ചുവപ്പുനാടയിലാണ്. അനുവദിച്ചതുക പാഴായിപ്പോകുന്ന സ്ഥിതിയാണുള്ളത്
ജിജി അഞ്ചാനി , ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ്