പാലാ: 'കടുത്ത പനിയുമായി രണ്ട് തവണ കോട്ടയം ജനറൽ ആശുപത്രിയിൽ ചെന്നപ്പോഴും ഡോക്ടർമാർ പറഞ്ഞു, സാദാ പനിയാണെന്ന്. എന്നാൽ എനിക്ക് സംശയം തോന്നി. വിവരം സഹപ്രവർത്തകനായ പാലാ നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ശനിയാഴ്ച പാലാ ജനറൽ ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയത്. ഇന്നലെ പുലർച്ചെ കളക്ടറേറ്റിൽ നിന്നും വിളിച്ചാണ് കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞത്."
കൊവിഡ് ബാധിതനായ പാലാ നഗരസഭാ ജീവനക്കാരൻ പറഞ്ഞു.
'എനിക്ക് ഇങ്ങനെയൊരു സംശയം തോന്നിയതു കൊണ്ട് രോഗം തിരിച്ചറിഞ്ഞു. ഇത് അറിയാതെ എത്ര പേർ നമ്മുടെ ഇടയിലുണ്ടാവാം ' സ്ഥിരമായി സ്വകാര്യ ബസിലും കെ.എസ്.ആർ.ടി.സി ബസിലുമായി കോട്ടയത്തെ വീട്ടിൽ നിന്നും പാലാ നഗരസഭയിൽ വന്നു പോകുന്ന ഈ 28കാരൻ ചോദിക്കുന്നു. ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് എത്തിയതും മടങ്ങിയതും ബസുകളിൽ കയറിയാണ്.
'കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ എഴുന്നേറ്റപ്പോൾ ചെറിയൊരു തലവേദന തോന്നി. അതു വകവയ്ക്കാതെ പാലാ നഗരസഭാ ഓഫീസിലെത്തി. 10.30ഓടെ പനിയും കുളിരുമായി. തലവേദന ശക്തമായി. എന്നാൽ അര മണിക്കൂറിനുള്ളിൽ ഇത് നോർമ്മലായി. ഉച്ചയോടെ വീണ്ടും പനി കടുത്തു. വിറയലും കുളിരുമായി. ഇതോടെ കോട്ടയത്തെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സാദാ പനിയാണെന്ന് പറഞ്ഞ് പാരസെറ്റമോൾ നൽകി. അതു വാങ്ങി വീട്ടിൽ പോയി.
പിറ്റേന്നും ശക്തമായി ഇടവിട്ടിടവിട്ട് പനിച്ചു. അങ്ങനെയാണ് ശനിയാഴ്ച രാവിലെ സ്രവ പരിശോധന നടത്താൻ കെ.എസ്.ആർ.ടി.സി. ബസിൽ കയറി പാലാ ജനറൽ ആശുപത്രിയിലെത്തിയത്. സ്രവം കൊടുത്ത ശേഷം നഗരത്തിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ച് കെ. എസ്. ആർ. ടി. സി. ബസ്സിൽ തന്നെ കോട്ടയത്തേയ്ക്കും മടങ്ങി .
ഞായറാഴ്ച പനി കുറഞ്ഞെങ്കിലും ശക്തമായ ചുമ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ തന്നെ കളക്ടറേറ്റിൽ നിന്നും ഫോണിൽ വിളിച്ച് കൊവിഡ് സ്ഥിരീകരണം അറിയിച്ചു. ഉടൻ റെഡിയായി നിൽക്കു, രാവിലെ 8 മണിയോടെ ആംബുലൻസ് വരുമെന്ന് അറിയിച്ചെങ്കിലും വൈകിട്ട് അഞ്ചു മണിയോടെയാണ് വാഹനമെത്തി തന്നെ പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും യുവാവ് പറഞ്ഞു. ബസ്സുകളിലെ യാത്രക്കിടയിലാവാം തനിക്ക് വൈറസ് ബാധ ഉണ്ടായതെന്ന് കരുതുന്നതായും നഗരസഭാ ജീവനക്കാരൻ പറയുന്നു.
പനിയുള്ളപ്പോഴും പാലായിൽ ജോലിക്കെത്തി
സ്രവ പരിശോധനയ്ക്ക് എത്തിയതും ബസിൽ
പാലായിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു
ബസിൽ നിന്നാവാം രോഗബാധയെന്ന് സംശയം