കോട്ടയം: ജില്ലയിൽ ആദ്യ കൊവിഡ് മരണത്തിനൊപ്പം സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണവും കൂടുന്നു. മരിച്ച അബ്ദുൾസലാമിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്നലെ സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് അടക്കം 10പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു പേർ വിദേശത്തുനിന്നും രണ്ടു പേർ ചെന്നൈയിൽനിന്നും എത്തിയവരാണ്. വിദേശത്ത് നിന്നെത്തി നെഗറ്റീവ് ആയ ആൾക്ക് വീണ്ടും രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധിതരിൽ രണ്ടു പേർ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച മണർകാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരിൽ 12 പേർക്കാണ് ഇതുവരെ ജില്ലയിൽ രോഗം ബാധിച്ചത്. ജില്ലയിൽ 12 പേർ രോഗമുക്തരായി. ജില്ലക്കാരായ 141 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്.
മുട്ടമ്പലം പ്രാഥമിക പരിചരണ കേന്ദ്രം -34, കോട്ടയം ജനറൽ ആശുപത്രി- 32, കോട്ടയം മെഡിക്കൽ കോളേജ് -24, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-24, പാലാ ജനറൽ ആശുപത്രി- 23, എറണാകുളം മെഡിക്കൽ കോളേജ് -2, മഞ്ചേരി മെഡിക്കൽ കോളേജ് -1, ഇടുക്കി മെഡിക്കൽ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.