salam

കോട്ടയം: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഓട്ടോഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചേലത്താംപറമ്പിൽ അബ്ദുൾ സലാമാണ് (72) മരിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. എന്നാൽ അവസാന വട്ട സ്രവ പരിശോധനാ ഫലങ്ങൾ വന്ന ശേഷമേ കൊവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കടുത്ത പനിയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ അബ്ദുൾസലാം ചികിത്സ തേടിയിരുന്നു. വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഒമ്പതിന് കൊവിഡ് സ്ഥിരീകരിച്ച് പ്രത്യേക വാർഡിൽ കഴിയുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വീണ്ടും സ്രവമെടുത്ത് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. ഇടയ്ക്ക് രണ്ടു തവണ എടുത്ത സ്രവത്തിന്റെ ഫലം ലഭ്യമായിട്ടില്ല. ഈ ഫലവും മരണശേഷമുള്ള സ്രവ പരിശോധനാഫലവും ലഭിച്ച ശേഷമേ കൊവിഡ് ബാധയാണോ മരണകാരണമെന്ന് പറയാൻ കഴിയൂവെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കൊറോണ വിഭാഗം നോഡൽ ഓഫീസർ ഡോ.ആർ.സജിത്കുമാർ പറഞ്ഞു. അബ്ദുൾ സലാമിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 48പേരുണ്ട്. ഭാര്യ സാറാ ബീവി കാഞ്ഞിരപ്പള്ളി തേനംമാക്കൽ കുടുംബാംഗമാണ്. മക്കൾ: റഷീദ്, റസാക്ക്, റഷീദ.