കുറവിലങ്ങാട് : നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കുറവിലങ്ങാട് മേഖലയിലെ ഓട്ടോറിക്ഷതൊഴിലാളികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച തൊഴിലാളികൾ ആദ്യകാലങ്ങളിൽ പിടിച്ച് നിന്നെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷവും കൊവിഡ് ഭീതിയിൽ ആരും ഓട്ടോയിൽ കയറാൻ തയ്യാറാകുന്നില്ല. കൂടാതെ യാത്രക്കാരുടെ എണ്ണം ക്ലിപ്തപ്പെടുത്തിയതും, കുട്ടികൾക്കും പ്രായമായവർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതും പ്രതികൂലമായി ബാധിച്ചു.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും വരുമാനത്തിലുണ്ടായ ഇടിവും മറ്റൊരു കാരണമാണ്.

ഇതിനിടെയാണ് ഇടിത്തീപോലെ പെട്രോൾ ഡീസൽ വില വർദ്ധിച്ച് കൊണ്ടിരിക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിൽ തന്നെ ഇരുന്നൂറോളം ഓട്ടോറിക്ഷ തൊഴിലാളികളുണ്ട്. സമീപ പഞ്ചായത്തുകളിലും ഇതുതന്നെയാണ് അവസ്ഥ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ സർക്കാർ പരിഗണിക്കണമെന്നാണ് ആവശ്യം.