കോട്ടയം: ലക്ഷങ്ങൾ വച്ച് ചീട്ടുകളി നടത്തിയ മണര്‍കാട്ടെ ക്രൗണ്‍ റിക്രിയേഷന്‍ സെന്ററിന്റെ ഉടമയെ രക്ഷിക്കാൻ പൊലീസ് നീക്കം. 18 ലക്ഷം രൂപ പിടികൂടി രണ്ടു ദിവസം കഴിഞ്ഞിട്ടും ഉടമയെ കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതുവഴി ബ്ലേഡ് മാഫിയ - ഗുണ്ടാ സംഘത്തലവനെ രക്ഷിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. കുട്ടിക്കാനത്തും തമിഴ്‌നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകൾ നടത്തുന്ന ഇയാൾ സംസ്ഥാന പൊലീസിലെ ഉന്നതനും ഭരണകക്ഷിയിലെ ജില്ലക്കാരനായ സംസ്ഥാന നേതാവിനും ഒരു ബിഷപ്പിനും വേണ്ടപ്പെട്ടവനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ ക്ലബിൽ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പർഷിപ്പ് തുക.
കളത്തിൽ ഇറക്കിയ 77 ലക്ഷം രൂപ സ്വദേശവാസിയായ ഒരാൾക്കു നഷ‌്‌ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേയ്‌ക്കാണ് പണം നഷ‌്ടപ്പെട്ടയാളുടെ ബന്ധുക്കൾ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡിവൈ.എസ്.പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്.
ചീട്ടുകളിയുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് മണര്‍കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ് കുമാർ പറയുന്നത്. ചീട്ടുകളി നടന്ന ക്രൗണ്‍ റിക്രിയേഷന്‍ സെന്റർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാരെന്ന് അറിയാന്‍ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും
രജിസ്‌ട്രേഷന്‍ വിഭാഗത്തിലും കത്ത് നൽകി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.